തിരുവനന്തപുരം : ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്കെതിരായ ഡിജിറ്റൽ തെളിവുകളുമായി പ്രോസിക്യൂഷൻ. കീടനാശിനിയുടെ പ്രയോഗത്തെക്കുറിച്ചും പ്രവർത്തന രീതികളെ കുറിച്ചും ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ ഡിജിറ്റൽ തെളിവുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. തിങ്കളാഴ്ചയാണ് നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിക്കുന്നത്.
കൊലപാതകം നടത്തിയ ദിവസവും ഗ്രീഷ്മ ഇന്റർനെറ്റിൽ വിഷത്തിന്റെ പ്രവർത്തനരീതി തിരഞ്ഞതിന്റെ തെളിവാണ് പ്രോസിക്യൂഷൻ ശേഖരിച്ചിട്ടുള്ളത്. കൊലപാതകത്തിന് ഉപയോഗിച്ച കീടനാശിനി ഉള്ളിൽ ചെന്നാൽ ഒരാൾ എത്ര സമയം കൊണ്ട് മരിക്കും എന്നായിരുന്നു ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞിരുന്നത്. ഗ്രീഷ്മയുടെ ഫോണിൽ നിന്നും ആണ് അന്വേഷണസംഘം ഈ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുള്ളത്.
2022 ഒക്ടോബർ 17ന് രാവിലെ ആയിരുന്നു കഷായം കഴിച്ചു ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാരോൺ മരിച്ചത്. വിഷബാധ എന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മയാണ് കൊലപാതകം നടത്തിയത് എന്ന് തിരിച്ചറിഞ്ഞത്. മറ്റൊരാളുമായി നിശ്ചയിച്ച വിവാഹത്തിനായി ഷാരോണിനെ ഒഴിവാക്കുന്നതിനായിട്ടാണ് കൃത്യം നടത്തിയത്. വീട്ടിൽ വിളിച്ചുവരുത്തി വിഷം കലർത്തിയ കഷായം നൽകിയാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്.
Discussion about this post