ന്യൂഡൽഹി: എട്ട് അപൂർവ രോഗങ്ങൾക്കുള്ള 12 മരുന്നുകൾ തദ്ദേശീയമായി വികസിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ അപൂർവ രോഗബാധിതരായ നിരവധി പേർക്ക് സാമ്പത്തിക ആശ്വാസം നൽകാനാണ് പരിപാടി ലക്ഷ്യമിടുന്നത്.
മസ്‌കുലാർ ഡിസ്ട്രോഫി, ഗൗച്ചേഴ്‌സ് ഡിസീസ് തുടങ്ങിയ രോഗാവസ്ഥകൾക്കുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാനും ജീവൻ രക്ഷാ ചികിത്സകൾ സാധാരണക്കാർക്ക് താങ്ങാനാവുന്നതാക്കാനും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പറഞ്ഞു.
നിലവിൽ ഇത്തരം രോഗം ബാധിച്ചവർക്ക് വലിയ സാമ്പത്തിക ചിലവാണ് ഉണ്ടാകുന്നത്. ശ്രമകരമായ നടപടികളിലൂടെ വിദേശത്തുനിന്നാണ് പലപ്പോഴും ഇത്തരം മരുന്നുകൾ എത്തിക്കുന്നത്. നാഡീവ്യൂഹത്തെയും പേശികളെയും തളർത്തുന്ന ഗുരുതരരോഗമാണ് എസ്.എം.എ. ഇതിനുള്ള ‘റിസ്ഡിപ്ലാം’ മരുന്നിന് പ്രതിവർഷം ഒരാൾക്ക് 72 ലക്ഷം രൂപ വേണം. ഇതിനു പുറമേയാണ് ചികിത്സാച്ചെലവ്.
ജനിതകരോഗമായ ഫാമിലിയൽ മസ്കുലർ ഡിസ്ട്രോഫി, ചീത്ത കൊളസ്ട്രോൾ ക്രമാതീതമാകുന്ന ഹൈപ്പർ കൊളസ്ട്രോലീമിയ, എല്ലുവേദനയും വിളർച്ചയും അവയവ വീക്കവുമുണ്ടാക്കുന്ന ഗോഷേ ഡിസീസ്, കോശങ്ങളെ ബാധിക്കുന്ന പോംപെ ഡിസീസ്, ഫാബ്രി ഡിസീസ്, പാരമ്പര്യ രോഗങ്ങളായ നീമാൻ പിക് ഡിസീസ്, അൽകാപ്റ്റോനൂറിയ എന്നിവയ്ക്കുള്ള മരുന്നുകളും ഉത്പാദിപ്പിക്കും.
നിലവിൽ, ദേശീയ അപൂർവ രോഗങ്ങൾക്കുള്ള നയം (എൻപിആർഡി) 63 അപൂർവ രോഗങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. അപൂർവ രോഗങ്ങൾക്കു വേണ്ടിയുള്ള “മികവിന്റെ കേന്ദ്രങ്ങളിൽ” ചിക്ത്‌സയ്ക്ക് വേണ്ടി ഒരു രോഗിക്ക് 50 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. അതിന്റെ കൂടെയാണ് മരുന്നുകൾ തദ്ദേശീയമായി നിർമ്മിക്കാൻ സർക്കാർ ഒരുങ്ങുന്നത്
Discussion about this post