ഡൽഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് സംശയനിഴലിലായ ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട ചാരിറ്റബിൾ ട്രസ്റ്റിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും വ്യാപക ക്രമക്കേടുകൾ. വ്യാജ അക്രെഡിറ്റേഷൻ കാണിച്ച് സ്ഥാപനങ്ങൾ വൻ ലാഭമുണ്ടാക്കിയതായി വിവരങ്ങളുണ്ട്. വ്യാജ അവകാശവാദങ്ങളിലൂടെ ഏകദേശം 415 കോടി രൂപ ട്രസ്റ്റ് സമ്പാദിച്ചതായി ഇഡി വ്യക്തമാക്കി. അംഗീകാരമില്ലാതെ പ്രവർത്തിക്കുമ്പോഴും സർവകലാശാല വിദ്യാർത്ഥികളിൽ നിന്ന് മുഴുവൻ ഫീസും ഈടാക്കിയിരുന്നുവത്രേ.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി റിട്ടേണുകളും (ഐടിആർ) ഒരൊറ്റ പാൻ നമ്പറിന് കീഴിലാണെന്ന് കണ്ടെത്തി. ഇത് സാമ്പത്തിക നിയന്ത്രണം ഒരു ട്രസ്റ്റിൽ മാത്രമായി നിക്ഷിപ്തമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. 2014-15 മുതലുള്ള ഐടിആറുകളുടെ പരിശോധനയിൽ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. ഐടിആർ പ്രകാരം 2014-15, 2015-16 വർഷങ്ങളിൽ യഥാക്രമം 30.89 കോടി രൂപയും 29.48 കോടി രൂപയും സംഭാവനയായി കാണിച്ചിരുന്നു. 2016-17 മുതൽ സർവകലാശാല തങ്ങളുടെ വരുമാനം അക്കാദമിക് വരുമാനമായാണ് കാണിച്ചിട്ടുള്ളത്. 2018-19 മുതൽ വരുമാനത്തിൽ കുത്തനെയുള്ള വർധന രേഖപ്പെടുത്തി. 2018-19-ൽ 24.21 കോടി രൂപയായിരുന്ന വരുമാനം 2024-25-ൽ 80.01 കോടി രൂപയായി ഉയർന്നു. ഏഴ് വർഷത്തിനിടെ ആകെ 415 കോടി രൂപയുടെ വരുമാനമുണ്ടായി.
വ്യാജ അക്രെഡിറ്റേഷൻ ഉപയോഗിച്ച് വിദ്യാർഥികൾക്ക് പ്രവേശനം നൽകിയെന്നും വ്യാജരേഖകൾ ചമച്ചെന്നും, ഇതിലൂടെ നിയമവിരുദ്ധമായ വരുമാനം ഉണ്ടാക്കിയെന്നും സർവകലാശാലയ്ക്കെതിരായ കേസുകളിൽ ആരോപിക്കപ്പെടുന്നു.












Discussion about this post