തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നും കൈകൾ ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പത്മകുമാർ കുറ്റാരോപിതൻ മാത്രമാണ്. കോടതി ശിക്ഷിക്കുന്നെങ്കിൽ ശിക്ഷിക്കട്ടെയെന്നും ആവശ്യമായ നടപടി പാർട്ടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പത്മകുമാർ കുറ്റക്കാരനാണോയെന്ന് പറയേണ്ടത് കോടതിയാണ്. കേസ് കോടതിയുടെ മുന്നിൽവരട്ടെ. ഒരാളേയും പാർട്ടി സംരക്ഷിക്കുകയില്ല. അറസ്റ്റ് ചെയ്തുകൊണ്ട് മാത്രം ഒരാളെയും ശിക്ഷിക്കാൻ കഴിയില്ല. അറസ്റ്റ് ചെയ്തു എന്ന് വച്ച് ഉടനെ കുറ്റവാളിയാണെന്ന് തീരുമാനിക്കാൻ കഴിയില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.
അറസ്റ്റ് ചെയ്താൽ അതിനർത്ഥം അയാൾ കുറ്റാരോപിതനാണ് എന്ന് മാത്രമാണ്. കുറ്റം തെളിയിക്കണം. കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ രീതിയിലുള്ള എല്ലാ പരിതസ്ഥിതിയും കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഒരുക്കിയിട്ടുണ്ട്. ആരെ വേണമെങ്കിലും അവർക്ക് അറസ്റ്റ് ചെയ്യാം,ചോദ്യം ചെയ്യാം നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാം. ആര് പിടിക്കപ്പെട്ടാലും ഒരാളെയും സംരക്ഷിക്കില്ല എന്നത് പാർട്ടിയുടെയും സർക്കാരിന്റെയും പാർട്ടിയുടെയും നയമാണെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സത്യസന്ധമായി കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നവർ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേഡർമാരും പ്രവർത്തികരും. ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Discussion about this post