വിവാഹദിവസം വധുവിനെ കാണാതായതോടെ പോലീസിൽ പരാതി നൽകി യുവാവ്. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. മൂന്ന് മാസം മുൻപ് നിശ്ചയിച്ചുറപ്പിച്ച വിവാഹം ചൊവ്വാഴ്ച രാത്രിയോടെ ശുഭമായി നടന്നു. 90 പേരടങ്ങുന്ന ഘോഷയാത്രയോടെയായിരുന്നു വരനെത്തിയത്.
ചടങ്ങുകൾക്ക് ശേഷം വധുവും വരനും വേദിയിൽ ഒരുമിച്ച് നൃത്തം ചെയ്തിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ ആയതോടെ കഥമാറി. വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ, വധുവിനെ മുറിയിൽ നിന്ന് കാണാതായതായി വീട്ടുകാർ മനസ്സിലാക്കി. തുടർന്ന് ഇരു കുടുംബങ്ങളും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തി. ഉച്ചയായിട്ടും വധുവിനെ കണ്ടെത്താനാകാതെ വന്നപ്പോൾ എല്ലാവരും പരിഭ്രാന്തരായി.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, വധു തന്റെ കാമുകനൊപ്പം ഒളിച്ചോടിയതായിരിക്കാം എന്ന് പിന്നീട് വ്യക്തമായി. വിവാഹ ചടങ്ങുകളെല്ലാം പൂർത്തിയാക്കിയ ശേഷം രാത്രിയിൽ വധു പോയിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു.അതേസമയം, വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിനെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ നീക്കങ്ങൾ കണ്ടെത്തുന്നതിനായി മൊബൈൽ ഫോൺ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.












Discussion about this post