ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എംഎൽഎയുമായിരുന്ന പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലേക്കാണ് എത്തിക്കുക. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെയാണ് റിമാൻഡ് ചെയ്തത്. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ റിമാൻഡിൽ വിട്ടത്.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസ് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻ എൻ വാസുവിനെയും കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തിരുന്നു.
ശബരിമല സ്വർണക്കൊള്ളയുടെ പ്രധാന ആസൂത്രകൻ പത്മകുമാർ ആണെന്ന് കേസ് അന്വേഷിക്കുന്ന എസ്ഐടി ടീം വ്യക്തമാക്കിയിരുന്നു. പത്മകുമാറിന്റെ തിരക്കഥയനുസരിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയും കേസിലെ മറ്റ് ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥർ അടക്കമുള്ള പ്രതികൾ പെരുമാറിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
പത്മകുമാറിന്റെ നിർദേശത്തിലാണ് മഹ്‌സറിൽ ചെമ്പ് തകിടുകൾ എന്ന് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നുവെന്നും എസ്‌ഐടി കണ്ടെത്തൽ.












Discussion about this post