നെയ്യാറ്റിൻകര:നെയ്യാറ്റിൻകര സ്വദേശി ഷാരോൺ രാജിനെ കാമുകിയായ ഗ്രീഷ്മ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം . കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയതെന്നാണ് ഡോക്ടർമാരുടെ സംഘം കോടതിയിൽ മൊഴി നൽകിയത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കൽ കോളേജിലെ വിദഗ്ധരായ ഡോക്ടർമാർ മൊഴി നൽകിയത്. ഗ്രീഷ്മ നൽകിയ വിഷത്തെ സംബന്ധിച്ച് മുമ്പ് വ്യക്തത ഇല്ലായിരുന്നു.
അതെ സമയം വിഷം നൽകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഗ്രീഷ്മ ഷാരോണിന് നൽകാനുറച്ച പാരക്വിറ്റ് വിഷം മനുഷ്യശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ തെളിവുകളും പുറത്ത് വന്നു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് ഇന്റർനെറ്റിൽ തിരഞ്ഞാണ് ഗ്രീഷ്മ മനസിലാക്കിയത് . ഇതിന്റെ ഡിജിറ്റൽ തെളിവ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി
ഷാരോണിന് വിഷം കലർത്തി നൽകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഗ്രീഷ്മ ജ്യൂസ് ചലഞ്ചും നടത്തിയിരുന്നു. പാരസെറ്റമോൾ ഗുളികകൾ കലർത്തിയ പഴച്ചാർ ആയിരിന്നു അപ്പോൾ ഷാരോണിന് നൽകിയത് . ഇത് നൽകുന്നതിന് മുൻപും ഗ്രീഷ്മ പലപ്രാവശ്യം പാരസെറ്റമോൾ എത്ര അളവിൽ നൽകിയാലാണ് ശരീരത്തിന് ഹാനികരമാകുന്നതെന്ന് മനസ്സിലാക്കിയിരുന്നതായി പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകൾ നൽകി
ഗ്രീഷ്മയുടെ ജാതകപ്രകാരം ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. ഷാരോണുമായി ബന്ധത്തിൽ ഇരിക്കെ ഗ്രീഷ്മയ്ക്ക് ആർമി ഉദ്യോഗസ്ഥന്റെ കല്യാണാലോചന വന്നു. ഇതിനെ തുടർന്ന് ഷാരോണിനെ താലികെട്ടിയശേഷം കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു. ഷാരോണിനെ താലികെട്ടിയശേഷം ഇവർ ഒരുമിച്ച് തൃപ്പരപ്പിലെ ഹോട്ടലിൽ താമസിച്ചിരുന്നു. ഹോട്ടൽ മാനേജർ കോടതിയിലെത്തി ഗ്രീഷ്മയെ തിരിച്ചറിഞ്ഞിരിന്നു.
അതേസമയം ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനൽകിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമൽ കുമാറാണെന്നും വ്യക്തമായിരുന്നു. .ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടും അമ്മാവൻ നിർമൽകുമാർ മൂന്നും പ്രതികളാണ്.
Discussion about this post