അടുക്കളയായാൽ അമ്മിക്കല്ല് വേണമെന്നാണ് പഴമക്കാർ പറയാറുള്ളത്. എന്നാൽ ഇന്ന് ഈ അമ്മിക്കല്ലുകളുടെ സ്ഥാനം മിക്‌സി കയ്യടക്കിയിരിക്കുന്നു. ഇന്ന് അമ്മിക്കല്ലില്ലാത്ത വീടുകൾ ഉണ്ട്. എന്നാൽ മിക്‌സി ഉപയോഗിക്കാത്ത വീടുകൾ കാണാൻ സാധിക്കില്ല. അരയ്ക്കാനും പൊടിയ്ക്കാനും മാത്രമല്ല ഇന്ന് പച്ചക്കറി അരിയാനും തേങ്ങ ചിരവാനും കഴിയുന്ന മിക്‌സികൾ വിപണയിൽ ലഭ്യമാണ്. അതുകൊണ്ട് തന്നെ അമ്മക്കല്ലുകൾക്ക് പകരമായി ഇന്ന് മിക്‌സികൾ എല്ലാവരും വാങ്ങുന്നു.
എന്നാൽ പലരുടെയും വീടുകളിൽ മിക്‌സി അടിയ്ക്കടി കേടുവരുന്ന സാഹചര്യം ഉണ്ടാകും. മിക്‌സി ഉപയോഗിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മിക്‌സിയുടെ ആയുസിനെ അത് ബാധിക്കും.
ഭൂരിഭാഗം പേരും മിക്‌സി ഉപയോഗിച്ച് കഴിഞ്ഞാൽ പ്ലഗ് പോയിന്റിൽ നിന്നും പ്ലഗ് ഊരിയിടാറില്ല. ഇത് അപകടകരമാണ്. പെട്ടെന്നുണ്ടാകുന്ന വൈദ്യുതി പ്രവാഹം മിക്‌സി പെട്ടെന്ന് കേടുവരാൻ കാരണമാകും. മിക്‌സി വാങ്ങുമ്പോൾ നിരവധി ജാറുകൾ നമുക്ക് ലഭിക്കും. ജ്യൂസ് അടിയ്ക്കാനും തേങ്ങ അരയ്ക്കാനും തൈര് കടയാനുമെല്ലാം ഓരോ ജാറുകൾ ആണ് ഉണ്ടാകുക. ഈ ജാറുകൾ കൃത്യമായി തന്നെ ഉപയോഗിക്കണം.
മിക്‌സിയ്ക്കായി അടുക്കളയിൽ ഒരു സ്ഥലം കരുതി വയ്ക്കണം. മിക്‌സി എടുത്തുകൊണ്ട് നടക്കുന്നത് പെട്ടെന്ന് കേടുവരാൻ കാരണം ആകും. ജാറിൽ കൃത്യമായ അളവിൽ വേണം അരയ്ക്കാനുള്ള സാധനം നിറയ്ക്കാൻ. തേങ്ങയും മറ്റും കുത്തി നിറച്ച് അരയ്ക്കരുത്. പലരും ജ്യൂസ് അടിയ്ക്കുമ്പോൾ ഐസ് ക്യൂബുൾ ജാറിൽ ഇട്ട് അടിയ്ക്കാറുണ്ട്. ഒരിക്കലും ഇത് ചെയ്യരുത്. അതുപോലെ ഫ്രിഡ്ജിൽ നിന്നും എടുത്ത സാധനങ്ങൾ ഉടനെ അരയ്ക്കരുത്. ചൂടാക്കിയ സാധനങ്ങൾ അത് തണുത്ത ശേഷം മാത്രം മിക്‌സിയിൽ അരയ്ക്കുക. ജാർ ചൂട് കൊള്ളുന്ന സാഹചര്യം ഒഴിവാക്കുക. മിക്‌സിയുടെ ജാർ ഒരിക്കലും ഫിഡ്ജിൽ വയ്ക്കരുത്. 10 ദിവസം കൂടുമ്പോൾ മിക്‌സി തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
Discussion about this post