മുംബൈ: ഒരു കാലത്ത് ബോളിവുഡ് മുതൽ ഇന്ത്യൻ രാഷ്ട്രീയം വരെ നിയന്ത്രിച്ചിരുന്നയാൾ. ഇന്ത്യ തേടുന്ന കൊടും കുറ്റവാളി. ലോകം തന്നെ ക്രൂരനായി മുദ്രകുത്തിയ വ്യക്തി. പറഞ്ഞു വരുന്നത് ദാവൂദ് ഇബ്രാഹിമിനെ കുറിച്ചാണ്. 1993ലെ മുംബൈ ആക്രമണത്തോടെ ദാവൂദ് ഇന്ത്യയുടെ സ്ഥിരം ക്രിമിനൽ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു.ഭീകരാക്രമണം,കൊലപാതകം,തട്ടിക്കൊണ്ടുപോകൽ,വേശ്യവൃത്തി,സംഘടിത കുറ്റകൃത്യങ്ങൾ,മയക്കുമരുന്ന്-ആയുധക്കടത്ത് എന്നിങ്ങനെ എണ്ണമറ്റ കേസുകളാണ് ഇയാൾക്കെതിരെ. പിടികൂടാൻ പല തവണ ശ്രമിച്ചുവെങ്കിലും ദാവൂദിന്റെ നിഗൂഢജീവിതം തുടർന്നുകൊണ്ടേയിരുന്നു. താമസസ്ഥലവും രൂപവും അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്നതിനാൽ ദാവൂദ് ഇപ്പോഴും പിടികിട്ടാ പുള്ളിയായി തുടരുകയാണ്. നിലവിൽ ഷെയ്ഖ് ദാവൂദ് ഹസ്സൻ എന്ന പേരിൽ പാകിസ്താനിലെ കറാച്ചിയിൽ ജീവിക്കുകയാണെന്നാണ് നിഗമനം.
ദാവൂദ് പലതവണ മരണപ്പെട്ടുവെന്നും ആരോഗ്യം മോശമായെന്നും വാർത്തകൾ വന്നിട്ടുണ്ടെങ്കിലും അതിനെ ഒക്കെ തള്ളി അനുയായികൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ദാവൂദ് വിഷാദരോഗത്തിന് അടിമയാണെന്നാണ് വിവരം. ദാവൂദിന്റെ ഇളയ സഹോദരനായ ഗുണ്ടാനേതാവ് ഇഖ്ബാൽ കസ്‌കർ ആണ് ഈ കാര്യം മുംബൈ പോലീസിനെ അറിയിച്ചിരിക്കുന്നത്. തന്റെ സാമ്രാജ്യത്തെ നയിക്കാൻ ആരുമില്ല എന്നതാണ് ദാവൂദിന്റെ വിഷാദത്തിന് കാരണമത്രേ.
ദാവൂദിന്റെ ഒരേയൊരു മകനായ മൊയിൻ നവാസ് കസ്‌കർ ആണ് വിഷാദത്തിന് കാരണം. 30 കാരനായ മൊയിന് പിതാവിന്റെ ‘ബിസിനസിൽ’ താത്പര്യമില്ല അത്രേ. പാകിസ്താനിലെ ഒരു മസ്ജിദിൽ മതപുരോഹിതനായി ജീവിക്കുകയാണ് ഭീകരന്റെ ഒരേയൊരു മകൻ. ഭാര്യയും മൂന്ന് മക്കളോടൊപ്പം പള്ളിവക ക്വാട്ടേഴ്‌സിൽ യൊതു ആഡംബരവുമില്ലാതെയാണ് ഇയാൾ ജീവിക്കുന്നത് അത്രേ. മത അദ്ധ്യാപകൻ കൂടിയായ മൊയിൻ മാനേജ്‌മെന്റ് ബിരുദധാരി കൂടിയാണ്. പിതാവിനൊപ്പം കുറച്ച് നാൾ താമസിച്ച ശേഷമാണ് ആത്മീയ ജീവിതം സ്വീകരിച്ചത്. മൊയിനെ ഇങ്ങനെ സമാധാനപരമായി ജീവിക്കാൻ ദാവൂദിന്റെ അനുയായികൾ സമ്മതിച്ചോ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇതെല്ലാം ആളുകളുടെ കണ്ണിൽപ്പൊടിയിടാൻ ദാവൂദും കൂട്ടരും അടിച്ചിറക്കുന്ന കഥകളാണെന്നും വലിയൊരു ഭീകരാക്രമണത്തിന്റെ പണിപ്പുരയിലായിരിക്കും മൊയിൻ എന്നും ചിലർ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.
Discussion about this post