ന്യൂഡൽഹി: ഉദ്യോഗാർഥി നിയമനങ്ങളിൽ കൃത്രിമം കാണിച്ചതിന് കേരളാ പി എസ് സി യെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി.
“കള്ളത്തരം കാണിക്കരുത്. നിലപാടിൽ സ്ഥിരതയും സുതാര്യതയും വേണം.കോടതിക്ക് മുന്നിൽ ഒളിച്ചുകളിക്കരുത്. ഉദ്യോഗാർത്ഥികളുടെ ജീവിതം വച്ചു കളിക്കരുത്” കോടതി പറഞ്ഞു”.
കേരള വാട്ടർ അതോറിട്ടിയിലെ എൽ.ഡി. ക്ലർക്ക് തസ്‌തികയിലേക്കുള്ള അടിസ്ഥാനയോഗ്യതയിൽ വെള്ളം ചേർത്തതിനെതിരെയാണ് കേരളാ പി എസ് സി യെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്.
ഉദ്യോഗാർത്ഥികളുടെ യോഗ്യത സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നടത്തി അനുകൂലമായ വിധി നേടിയശേഷം അതിനു വിരുദ്ധമായി ഡിപ്ളോമക്കാരെയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്.ഡിപ്ളോമക്കാരെ പുറത്താക്കാൻ ഹൈക്കോടതിക്ക് ഉത്തരവ് ഇടേണ്ടിവന്നു. ഇതിനെതിരെ ഡിപ്ളോമക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പി.എസ്.സിയെ രൂക്ഷമായി വിമർശിച്ചത്.
വാട്ടർ അതോറിറ്റിയിലെ എൽ ഡി ക്ലാർക് പരീക്ഷയ്ക്ക് 2012 ജൂലായ് 12ന് ഇറക്കിയ വിജ്ഞാപനം അനുസരിച്ച് ബിരുദവും എൽ.ബി.എസ്, ഐ.എച്ച്.ആർ.ഡി തുടങ്ങിയ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ സർട്ടിഫിക്കറ്റുമായിരുന്നു യോഗ്യത.
എന്നാൽ ഹയർ ക്വാളിഫിക്കേഷൻ ഉള്ളവരെയും പരിഗണിക്കണമെന്ന് ഒരുകൂട്ടം ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി.എന്നാൽ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) യോഗ്യത അംഗീകരിക്കില്ലെന്ന് പി.എസ്.സി അനുകൂലവിധി നേടി. പക്ഷേ, ഡിപ്ളോമക്കാരെയും ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
ഇത്തരത്തിൽ സ്വന്തം നിലപാടിൽ തന്നെ മാറ്റം വരുത്തിയതിനാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.പി.എസ്.സി ഔന്നത്യബോധത്തോടെ സത്യസന്ധത പുലർത്തണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി.
Discussion about this post