ഹൈദരാബാദ്: സ്‌റ്റോക്ക് മാർക്കറ്റിനെക്കുറിച്ച് പഠിക്കാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമായ വയോധികന് അരക്കോടി രൂപ നഷ്ടമായി. ഹൈദരാബാദ് സ്വദേശിയായ 62 കാരനാണ് തട്ടിപ്പിനിരയായത്. 50 ലക്ഷം രൂപ നഷ്ടമായതോടെ ഇയാൾ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കുന്നതിനിടെ സ്‌റ്റോക്ക് മാർക്കറ്റിനെക്കുറിച്ച് പഠിക്കാമെന്നതരത്തിൽ പരസ്യം ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ 62 കാരൻ പരസ്യത്തിൽ നൽകിയിരുന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്തു. സാമ്പത്തിക ഉപദേശകൻ എന്ന് സ്വയം പരിചയപ്പെടുത്തി കുമനാൽ സിംഗ് എന്നയാൾ പിന്നീട് ഇയാളുമായി സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ചെറിയ തുക നിക്ഷേപിച്ചാൽ തന്നെ വലിയ ലാഭം ഇതിലൂടെ സ്വന്തമാക്കാമെന്ന് കുനാൽ സിംഗ് അവകാശപ്പെട്ടു. ഇതിൽ ആകൃഷ്ടനായ 62 കാരൻ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
വീണുവെന്ന് മനസിലാക്കിയ കുനാൽ സിംഗ് തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിക്കുകയായിരുന്നു. ക്ലാസ് പൂർത്തിയാക്കിയതിന് പിന്നാലെ ഇയാൾ സ്‌കൈറിം ക്യാപിറ്റൽ എന്ന ഫിനാൻഷ്യൽ സർവ്വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ടുള്ള ലിങ്ക് ഇയാൾക്ക് അയച്ച് നൽകി. ശേഷം ഇതുപയോഗിച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇതിനുള്ള നിർദ്ദേശങ്ങളും നൽകി.
ആദ്യം ചെറിയ തുകയായിരുന്നു ഇയാൾ നിക്ഷേപിച്ചത്. കുനാൽ സിംഗ് പറഞ്ഞതുപോലെ പിൻവലിച്ചപ്പോൾ വലിയ തുക ലഭിക്കുകയും ചെയ്തു. ഇങ്ങനെ ചെറിയ തുക ഇടുന്നതും പിൻവലിക്കുന്നതും ഇയാൾ തുടർന്നു. പിന്നീട് 50 ലക്ഷം രൂപ നിക്ഷേപിക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഈ തുക പിന്നീട് പിൻവലിക്കാൻ ശ്രമിച്ചപ്പോൾ നടന്നില്ല. ഇതോടെ സംഭവം തട്ടിപ്പ് ആണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Discussion about this post