റിയാദ് : കാലാവസ്ഥാ വ്യതിയാനം ഭൂമിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ അമ്പരപ്പിക്കുന്ന ഉദാഹരണങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് സൗദി അറേബ്യൻ മരുഭൂമി. വർഷം മുഴുവൻ വരണ്ടു ചൂടേറിയ കാലാവസ്ഥ നിലനിന്നിരുന്ന സൗദി അറേബ്യയിലെ അൽ-ജൗഫ് മരുഭൂമിയിൽ ഇത്തവണ ആദ്യമായി മഞ്ഞുവീഴ്ച ഉണ്ടായിരിക്കുകയാണ്. ശൈത്യകാലം എത്തുന്നതിനു മുൻപേ ആണ് അൽ-ജൗഫ് മരുഭൂമിയിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായിരിക്കുന്നത് എന്നുള്ളതും ഏറെ അമ്പരപ്പിക്കുന്നു.
എന്നാൽ സൗദി മരുഭൂമിയിലെ മഞ്ഞുവീഴ്ച ഒരു നല്ല ലക്ഷണം അല്ല എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കനത്ത മഴയ്ക്ക് മുൻപായി ഉണ്ടാകുന്ന അഭൂതപൂർവ്വമായ ഒരു പ്രതിഭാസമാണ് ഈ മഞ്ഞുവീഴ്ച എന്നാണ് വിദഗ്ദ്ധാഭിപ്രായം. അതേസമയം തന്നെ വരും ദിവസങ്ങളിൽ മേഖലയിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാലാവസ്ഥ പ്രതിഭാസം എന്ത് തന്നെ ആയാലും അൽ-ജൗഫ് മരുഭൂമിയിലെ മഞ്ഞുവീഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഈ മഞ്ഞുവീഴ്ചയുടെ ചിത്രങ്ങൾ പകർത്താനും വീഡിയോകൾ ചിത്രീകരിക്കാനും ആയി ഈ മേഖലയിലേക്ക് എത്തുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റും ചുഴലിക്കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post