തൃശ്ശൂർ : ബിജെപി പ്രവർത്തകർക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സംഘികൾക്ക് ഇപ്പോൾ യോഗിയെക്കാൾ വിശ്വാസം സഖാവ് പിണറായിയെ ആണ്. തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് പിണറായി വിജയൻ ആണ്. എന്നിട്ട് ഇപ്പോൾ ജയിപ്പിച്ചു വിട്ട ആളിൽ നിന്നും പിണറായിക്ക് തന്തയ്ക്ക് വിളി വരെ കിട്ടി എന്നും കെ മുരളീധരൻ പരിഹസിച്ചു.
ചേലക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ ചെറുതുരുത്തിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു കെ മുരളീധരൻ ഇക്കാര്യങ്ങൾ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ ഭാഷയിലാണ് കെ മുരളീധരൻ പ്രതികരിച്ചത്. ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മനസ്സിൽ കാവിയാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ മുതലാളിത്ത മനോഭാവം കാരണമാണ് ഇന്ന് പാർട്ടി നശിച്ചുകൊണ്ടിരിക്കുന്നത് എന്നും മുരളീധരൻ കുറ്റപ്പെടുത്തി.
മോദിയുടെ കേരളത്തിലെ പതിപ്പായി മാറുകയാണ് പിണറായി വിജയൻ. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പിണറായിയുടെ വായിൽ നിന്നും നരേന്ദ്രമോദി എന്ന പേര് ഒരിക്കൽ പോലും വന്നിട്ടില്ല. പിണറായി വിജയൻ എല്ലായ്പ്പോഴും കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും കുറ്റം പറയുകയാണ് ചെയ്യുന്നത്. തൃശ്ശൂർ പൂരം കലങ്ങിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പൂരമോ വെടിക്കെട്ടോ കണ്ടിട്ടുണ്ടോ എന്നും കെ മുരളീധരൻ ചോദ്യമുന്നയിച്ചു.
Discussion about this post