മുംബൈ: സൽമാൻ ഖാന്റെ വധ ഭീഷണിയുമായി ബന്ധപ്പെട്ട് ജനശ്രദ്ധ നേടിയ ലോറൻസ് ബിഷ്‌ണോയിയുടെ പേരിലുള്ള ടി ഷർട്ടുകൾ ഓൺലൈൻ വിപണിയിൽ വില്പനയ്‌ക്കെന്ന് റിപ്പോർട്ട്. മാദ്ധ്യമ പ്രവർത്തകനായ അലിഷാൻ ജാഫ്രിയാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് കൊണ്ടുവന്നത്.
ബിഷ്‌ണോയി ടി-ഷർട്ടുകളുടെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്ത ജാഫ്രി എൻ്റെ എക്സ് അക്കൗണ്ടിൽ കുറിച്ചത് ഇങ്ങനെയാണ്; ‘മീഷോ, ടീഷോപ്പർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ആളുകൾ അക്ഷരാർത്ഥത്തിൽ ഗുണ്ടാ ഉൽപ്പന്നങ്ങൾ വിൽക്കുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും പുതിയ ഓൺലൈൻ റാഡിക്കലൈസേഷൻ്റെ ഒരു ഉദാഹരണം മാത്രമാണ്’.
ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രമുള്ള വെളുത്ത ടി-ഷർട്ടുകൾ വില്പനയ്ക്ക് വച്ചിരിക്കുന്ന ചിത്രങ്ങളാണ് ജാഫ്രി പുറത്ത് വിട്ടിരിക്കുന്നത് . കൂടാതെ അവയിൽ ചിലതിൽ ‘ഗ്യാങ്സ്റ്റർ’, ‘റിയൽ ഹീറോ’ എന്നിങ്ങനെയൊക്കെ പ്രിൻറ് ചെയ്തിട്ടും ഉണ്ട്. 168 രൂപയാണ് ടി- ഷർട്ടുകളുടെ വിലയായി ചേർത്തിരിക്കുന്നത്.
ഫ്ലിപ്കാർട്ടിലും സമാനമായ രീതിയിൽ ടി ഷർട്ടുകൾ വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ’64 ശതമാനം വിലക്കിഴിവിന് ശേഷം 249 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിലെ ടി ഷർട്ടുകൾ വിൽക്കുന്നത്. ഓറഞ്ച് ടി-ഷർട്ടും കറുത്ത ഹൂഡിയും ധരിച്ച ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടി ഷർട്ടുകളാണ് വില്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.
Discussion about this post