ന്യൂഡൽഹി; എൽഎംവി ലൈസൻസ് ഉള്ളവർക്ക് എത്ര ഭാരം വരെയുള്ള വാഹനങ്ങൾ ഓടിക്കാൻ സാധിക്കുമെന്ന ആശയക്കുഴപ്പത്തിന് പര്യവസാനം. വിഷയത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ലൈറ്റ് മോട്ടോർ വെഹിക്കിളിൻറെ (എൽഎംവി) ഡ്രൈവിങ് ലൈസൻസ് കൈവശമുള്ള ഒരാൾക്ക് 7,500 കിലോഗ്രാമിൽ താഴെ ഭാരമുള്ള ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പി എസ് നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്.
റോഡപകടങ്ങൾ വർധിക്കാൻ എൽഎംവി ലൈസൻസ് ഉടമകളാണ് കാരണമെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകളില്ലെന്ന് ഏകകണ്ഠമായ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഹൃഷികേശ് റോയ് പറഞ്ഞു. എൽഎംവി ഡ്രൈവിങ് ലൈസൻസുള്ള ഡ്രൈവർമാർക്ക് 7,500 കിലോഗ്രാമിൽ താഴെ ഭാരമുള്ള ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കാമെന്നും അവരുടെ ഉപജീവന മാർഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
എൽഎംവി ലൈസൻസുള്ളവർ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് കോടതി വിധി.
1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിലെ (എംവിഎ) ഭേദഗതികളുമായി ബന്ധപ്പെട്ട നയപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഈ വിഷയത്തിൽ സംസ്ഥാന സർക്കാരുകളുമായി ഏതാണ്ട് പൂർത്തിയായതായി അറ്റോർണി ജനറൽ ഫോർ ഇന്ത്യ ആർ വെങ്കിട്ടരമണി കോടതിയെ അറിയിച്ചിരുന്നു.
Discussion about this post