എറണാകുളം : ഹൃദയ വാൽവ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയതിനുശേഷം ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനെ തുടർന്ന് യുവാവ് നൽകിയ കേസിൽ സുപ്രധാന വിധിയുമായി ഉപഭോക്തൃ കമ്മീഷൻ. നഷ്ടപരിഹാരവും പിഴയും അടക്കം ഇൻഷുറൻസ് കമ്പനി നാലരലക്ഷം രൂപ നൽകണമെന്നാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിനാണ് പിഴ ഇട്ടിരിക്കുന്നത്.
സ്വകാര്യ ആശുപത്രിയിൽ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ എറണാകുളം സ്വദേശി കെ പി റെൻദീപ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരൻ നേരത്തെ തന്നെ അസുഖബാധിതനായിരുന്നു എന്ന വാദമാണ് ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കുന്നതിനായി സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഉയർത്തിയിരുന്നത്. എന്നാൽ വേണ്ടത്ര പരിശോധനയില്ലാതെ പോളിസി നൽകിയ ശേഷം നേരത്തെ തന്നെ രോഗം ഉണ്ടായിരുന്നു എന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് തുക നിഷേധിക്കുന്നത് അനുവദിക്കാനാകില്ലെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി.
സ്റ്റാർ ഹെൽത്തിന്റെ ഫാമിലി ഹെൽത്ത് ഒപ്ടിമ ഇൻഷുറൻസ് പ്ലാനിൽ 2018 ലാണ് പരാതിക്കാരൻ ചേർന്നിരുന്നത്. ഹെൽത്ത് ഇൻഷുറൻസ് ചേരുന്ന സമയത്ത് തന്നെ പരാതിക്കാരൻ അസുഖബാധിതനായിരുന്നു എന്നും ആദ്യ രണ്ടു വർഷം ഇത്തരം അസുഖത്തിനുള്ള ചെലവിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലെന്നു എതിർകക്ഷി വാദിച്ചു. എന്നാൽ ഈ വാദം അംഗീകരിക്കാൻ ആവില്ല എന്ന് ഉപഭോക്തൃ കമ്മീഷൻ അറിയിച്ചു.
ഇൻഷുറൻസ് പോളിസി സ്വീകരിക്കുമ്പോൾ തന്നെ ഉപഭോക്താവിന് എന്തെങ്കിലും രോഗമുണ്ടോ എന്നു പരിശോധിച്ചു ഉറപ്പുവരുത്തേണ്ട ബാധ്യത ഇൻഷുറൻസ് കമ്പനിക്ക് ഉണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. ഹെൽത്ത് ഇൻഷുറൻസ് പോളിസി സ്വീകരിച്ചതിനുശേഷം നേരത്തെ രോഗം ഉണ്ടായിരുന്നു എന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് ക്ലെയിം നിഷേധിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല എന്നാണ് കമ്മീഷൻ അറിയിച്ചത്. ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ആണ് കേസിൽ തീർപ്പ് പ്രസ്താവിച്ചത് . പരാതിക്കാരന് ശസ്ത്രക്രിയക്കു ചെലവായ തുക കൂടാതെ 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും ചേർത്ത് നാലരലക്ഷം രൂപ 30 ദിവസത്തിനകം നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.
Discussion about this post