കൊച്ചി: മുനമ്പം വഖഫ് ബോർഡ് കുടിയൊഴിപ്പിക്കൽ വിഷയത്തിൽ സർക്കാരിനും വിവിധ രാഷ്ട്രീയ പാർട്ടികൾക്കും താക്കീത് നൽകി കെ സി ബി സി. മുനമ്പം വിഷയത്തിൽ പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ സമരരീതിയും സമരസ്ഥലവും മാറുമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ വ്യക്തമാക്കി.
രാഷ്ട്രീയ പാർട്ടികൾക്കും സർക്കാരിനും തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും രണ്ട് ഭാവമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞും രാഷ്ട്രീയപാർട്ടികൾക്ക് ഇവിടെ നിലനിൽപ്പ് വേണ്ടേയെന്നും കർദിനാൾ തുറന്നടിച്ചു . മുനമ്പത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് പരിഹരിക്കപ്പെടണമെന്നുള്ള അഭിപ്രായം പല കോണുകളിൽ നിന്ന് ഉയരുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് പറഞ്ഞ ബാവ അതെ സമയം ഇവിടുത്തെ സാധാരണകാരോട് ഒപ്പം നിൽക്കാൻ സർക്കാരിന് എന്താണ് മടിയെന്നും ചോദിച്ചു.
തിരഞ്ഞെടുപ്പുകൾ വരികയും പോകുകയും ചെയ്യും. ആ സമയത്തുള്ള മൗനം നമുക്ക് മനസ്സിലാക്കാം. പക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞും നിങ്ങൾക്ക് ഇവിടെ നിലനിൽപ്പ് വേണ്ടേ. കേരളത്തിലെ കത്തോലിക്ക സഭ ഇവരോടൊപ്പം അവസാനം വരെയും ഉണ്ടാകും – കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
Discussion about this post