മുംബൈ: മഹാരാഷ്ട്രയിൽ എതിരാളികളെ നിലംപരിശാക്കി കൊണ്ട് മഹായുതി സഖ്യത്തിന്റെ പ്രകടന പത്രിക. സ്‌ത്രീകൾക്കായുള്ള ജനപ്രിയ ധനസഹായ പദ്ധതിയുടെ തുക വർദ്ധിപ്പിച്ചും കർഷകർ, മുതിർന്ന പൗരന്മാർ, യുവാക്കൾ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ സാമൂഹിക ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചുമാണ് പ്രകടനപത്രിക. ബി.ജെ.പി, ശിവസേന(ഷിൻഡെ വിഭാഗം) , എൻ.സി.പി (അജിത് പവാർ) എന്നീ പാർട്ടികളടങ്ങിയതാണ് മഹായുതി മുന്നണി.
ഏക്‌നാഥ് ഷിൻഡെ സർക്കാരിന്റെ ജനപ്രിയ പദ്ധതിയായ ലഡ്‌കി ബഹിൻ യോജനയ്ക്ക് കീഴിൽ സ്ത്രീകൾക്കുള്ള പ്രതിമാസ ശമ്പളം 1500 രൂപയിൽ നിന്ന് 2100 രൂപയാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. നിലവിൽ രണ്ടര കോടിയിലധികം സ്‌ത്രീകൾ പദ്ധതിയുടെ ഭാഗമാണ്.
കർഷകരെ സഹായിക്കാൻ വായ്പ എഴുതി തള്ളും. ഇത് കൂടാതെ കർഷക സമ്മാൻ യോജന പദ്ധതിക്കു കീഴിലെ ആനുകൂല്യത്തിൽ 2000 രൂപ വർദ്ധിപ്പിച്ച് 15,000 രൂപയാക്കും. കാർഷിക ഉത്പാദന ക്ഷമത പ്രോത്സാഹിപ്പിക്കാൻ കുറഞ്ഞ താങ്ങുവിലയുടെ 20 ശതമാനം സബ്‌സിഡിയും പ്രകടനപത്രിക വാഗ്‌ദാനം ചെയ്യുന്നു.
ഇത് കൂടാതെ വയോജനങ്ങൾക്ക് വേണ്ടിയുള്ള വാർദ്ധക്യ പെൻഷൻ, 25 ലക്ഷം തൊഴിലവസരങ്ങൾ,വിദ്യാർഥികൾക്ക് 10 ലക്ഷം രൂപയോളം സ്റ്റൈപന്റ് തുടങ്ങിയ അനവധി ജനപ്രിയ പദ്ധതികളാണ് മഹായുതി മുന്നോട്ട് വെക്കുന്നത്. ഇത് വരെ സീറ്റ് വിഭജനത്തിൽ വരെ ധാരണ ആകാത്ത മഹാ വികാസ് അഘാടി സഖ്യം ഈ വെല്ലുവിളിയെ എങ്ങനെ നേരിടും എന്ന് നിരീക്ഷിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. കോൺഗ്രസ്, ശിവസേന ഉദ്ധവ് വിഭാഗം, എൻ സി പി ശരദ് പവാർ വിഭാഗം എന്നിവർ അടങ്ങിയതാണ് മഹാ വികാസ് അഘാടി സഖ്യം.
Discussion about this post