മുംബൈ: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയും സൽമാൻ ഖാന്റെ വസതിക്ക് നേരെയുള്ള വെടിവെയ്പ്പിൽ പങ്കെടുത്തവരും തമ്മിലുള്ള ഫോൺ റെക്കോർഡിംഗുകൾ കൈമാറാൻ മഹാരാഷ്ട്രയിലെ ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടറേറ്റിനോട് (ഡിഎഫ്എസ്എൽ) നിർദ്ദേശിച്ച് മുംബൈ കോടതി. മുൻ മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിക്കി കുമാർ ഗുപ്തയും അൻമോൾ ബിഷ്‌ണോയിയും മത്തിലുള്ള ഫോൺ സംഭാഷണങ്ങൾ പരിശോധിക്കാനാണ് മുംബൈ പോലീസിന്റെ നീക്കം. കോടതിയുടെ നിർദ്ദേശപ്രകാരം ഫോറൻസിക് വകുപ്പ് സംരക്ഷിച്ച ശബ്ദരേഖ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കിഷോർകുമാർ ഷിൻഡെയ്ക്ക് കൈമാറും.
സൽമാന്റെ വസതിക്ക് മുമ്പിൽ വെടിവെയ്പ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി വിക്കികുമാർ ഗുപ്തയും അൻമോൾ ബിഷ്ണോയിയും തമ്മിലുള്ള സംഭാഷണത്തിന്റെ സോഫ്റ്റ് കോപ്പി അന്വേഷണ ഏജൻസിക്ക് ആവശ്യമാണെന്ന് മുംബൈ ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ പ്രത്യേക ജഡ്ജി ബിഡി ഷെൽകെ നിരീക്ഷിച്ചു. സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെയ്പിൽ പ്രതിയായ അൻമോൾ ബിഷ്‌ണോയിയെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
ഒക്ടോബർ 12ന് മുംബൈയിലെ ബാന്ദ്രയിൽ വച്ചാണ് ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം മുന്നോട്ട് വന്നിരുന്നു.
ഏപ്രിൽ 14ന് മുംബൈയിലെ ബാന്ദ്രയിലുള്ള നടൻ സൽമാൻ ഖാന്റെ വസതിക്ക് മുന്നിൽ മോട്ടോർ സൈക്കിളിലെത്തിയ വിക്കി കുമാർ ഗുപ്ത ഉൾപ്പെടെ രണ്ട് പേർ ചേർന്ന് വെടിവെയ്പ്പ് നട്തുകയായിരുന്നു. വെടിവെപ്പുകാരായ ഗുപ്തയും സാഗർ പാലും പിന്നീട് ഗുജറാത്തിൽ പിടിയിലായി. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം അനുസരിച്ച്, ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് സിഗ്‌നൽ വഴി ഗുപ്ത അൻമോൾ ബിഷ്ണോയിയുമായി ബന്ധപ്പെട്ടിരുന്നു. ഇവരുടെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കേസിൽ സാക്ഷിയായ തന്റെ സഹോദരന് ഗുപ്ത അയച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പോലീസ് സഹോദരന്റെ ഫോൺ പിടിച്ചെടുത്തു. ഡിഎഫ്എസ്എൽ വോയ്സ് ക്ലിപ്പ് വീണ്ടെടുക്കുകയായിരുന്നു.
Discussion about this post