ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ രോഗങ്ങളിൽ ഒന്നാണല്ലോ കാൻസർ.ഗ്രീക്ക് ഭാഷയിൽ ‘ഞണ്ട് ‘ എന്ന അർത്ഥം വരുന്ന ‘കാർസിനോമ’ (Carcinoma – karkinos, or ‘crab’, and -oma, ‘growth’) എന്ന പദത്തിൽ നിന്നുമാണ് കാൻസർ എന്ന പദം ഉത്ഭവിച്ചത്.നമ്മുടെ ശരീരത്തിലെ ഓരോ അവയവവും അനേകം കോശങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് ഈ കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവുമായ വിഭജനമാണ് അർബുദം അഥവാ കാൻസർ എന്ന് നമുക്ക് ഏറ്റവും ലളിതമായി പറയാം. അനിയന്ത്രിതമായ കോശവളർച്ചാ വ്യതിയാനത്തിനു കാരണം ആ കോശങ്ങളിലെ ഡി എൻ എയിൽ ഉണ്ടാകുന്ന തകരാറുകൾ ആണ്. കാൻസർ കോശങ്ങൾ പെറ്റുപെരുകി ഒരു നിശ്ചിത സമയം കഴിഞ്ഞാൽ അവ രക്തത്തിൽ കലരുന്നു. പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് രക്തത്തിലൂടെയും, ലിംഫിലൂടേയും എത്തിച്ചേരുകയും അവിടെയെല്ലാം രോഗം വ്യാപിക്കുകയും ചെയ്യുന്നു.
ഇന്ന് നവംബർ 7 ,റേഡിയം കണ്ടുപിടിച്ച വിഖ്യാത ശാസ്ത്രജ്ഞയായ മേരിക്യുറിയുടെ ജന്മദിനമായ ഇന്ത്യയിൽ ദേശീയ അർബുദ അവബോധ ദിനമായി ആചരിക്കുന്നു. അർബുദജന്യ വസ്തുക്കളുമായോ പ്രതിഭാസങ്ങളുമായോ ബന്ധമുണ്ടായി വർഷങ്ങൾ കഴിഞ്ഞാണ് അത് കാൻസറായി പ്രത്യക്ഷപ്പെടുക.
കാൻസർ സാധ്യത തടയാൻ നാം ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
പല തരത്തിലുള്ള കാൻസറിനുള്ള പ്രധാന അപകട ഘടകമാണ് പുകവലി. പുകവലി ഉപേക്ഷിക്കുന്നത് കിഡ്നി കാൻസർ പോലുള്ളവ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും.
പതിവ് മെഡിക്കൽ പരിശോധനകൾ പതിവ് ആരോഗ്യ പരിശോധനകൾ, പ്രശ്‌നങ്ങൾ നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണക്രമം പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. ചുവന്ന മാംസത്തിന്റെയും സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും അമിതമായ ഉപഭോഗം ഒഴിവാക്കുക. ഇത് കാൻസർ സാധ്യത കൂട്ടുന്നു.
അമിതവണ്ണമുള്ള ആളുകൾക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. അധിക കൊഴുപ്പ്,ഹോർമോൺ അസന്തുലിതാവസ്ഥ, ഇൻസുലിൻ പ്രതിരോധം ഇവയെല്ലാം കാൻസറിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.
മദ്യത്തിന്റെ അമിതമായ ഉപഭോഗം കുറഞ്ഞത് ഏഴ് തരത്തിലുള്ള കാൻസറുകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ എത്രത്തോളം മദ്യം കുടിക്കുന്നുവോ അത്രയധികം കാൻസർ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ വ്യക്തമാക്കുന്നു.സ്‌കിൻ കാൻസർ, പ്രത്യേകിച്ച് മെലനോമ, ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ്. അമിതമായി സൂര്യപ്രകാശം കൊള്ളുന്നതാണ് ഇതിന്റെ പ്രധാന കാരണം.
വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധകൾ പോലുള്ള ചില അണുബാധകൾ കരൾ രോഗത്തിനും കരൾ അർബുദത്തിനും സാധ്യത വർദ്ധിപ്പിക്കും.
ഹ്യൂമൻ പാപ്പിലോമ വൈറസ് എച്ച്‌ഐവി എന്നിവയുൾപ്പെടെയുള്ള ലൈംഗികമായി പകരുന്ന ചില അണുബാധകൾ കാൻസർ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.
Discussion about this post