പുലികള്‍ സാധാരണയായി നല്ല മരം കയറ്റക്കാരാണ്. ഇവ ഒരു ദിവസത്തിന്റെ ഭൂരിഭാഗവും മരത്തില്‍ തന്നെയാണ് ചിലവഴിക്കുന്നതെന്ന് പറഞ്ഞാല്‍ പോലും തെറ്റില്ല. എന്നാല്‍ സിംഹങ്ങള്‍ക്ക് മരം കയറുന്നതില്‍ ഒട്ടും പ്രാഗത്ഭ്യമില്ല. അത്ര അത്യാവശ്യഘട്ടങ്ങള്‍ ഇവര്‍ അതിന് ശ്രമിക്കുമെങ്കിലും താഴേക്കുവീഴാനുള്ള ചാന്‍സ് വളരെക്കൂടുതലാണ്.
എന്നാല്‍ ബോട്‌സ്വാനയിലെ സിംഹങ്ങളുടെ രീതികള്‍ കാലങ്ങളായി ഏവരുടെയും ശ്രദ്ധ ക്ഷണിക്കുകയാണ്. ഇവ കഷ്ടപ്പെട്ട് വീണും ഉരുണ്ടുമൊക്കെ എങ്ങനെയെങ്കിലും മരം കയറാന്‍ പരിശീലിക്കുകയാണ്. എന്താണ് ഇത്ര കഷ്ടപ്പെട്ട് ഇവ മരം കയറുന്നതിന് പിന്നിലെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
ബോട്‌സ്വാനയിലെ ചൂടുള്ള കാലാവസ്ഥയില്‍ നിന്ന് രക്ഷനേടുന്നതിനാണ് ഇവ പ്രധാനമായും മരങ്ങളില്‍ കഷ്ടപ്പെട്ട് അഭയം തേടുന്നത്. കൂടാതെ ഇത് വേട്ടയാടലിനെ നന്നായി സഹായിക്കുകയും ചെയ്യുന്നു. ഇതൊന്നുമല്ലാതെ മാംസഭോജികളായ ഇവയ്ക്ക് ശല്യമുണ്ടാക്കുന്ന ഈച്ചകളില്‍ നിന്ന് ഈ ഉയരത്തിലുള്ള ഇരുപ്പ് രക്ഷ നല്‍കുകയും ചെയ്യുന്നു.
പുലികളെപ്പോലെ ജന്മനാ മരംകയറാനുള്ള കഴിവ് ഇല്ലെങ്കിലും ഇവര്‍ അത് അതീജീവനത്തിനായി ആര്‍ജ്ജിച്ചെടുക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. അടുത്തതലമുറമുതല്‍ ബോട്‌സ്വാനയില്‍ പിറക്കുന്നത് മരം കയറാന്‍ ജന്മനാ വാസനയുള്ള സിംഹങ്ങളായാല്‍ അത്ഭുതപ്പെടാനില്ലെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post