കാബൂൾ: പാകിസ്ഥാനുമായുള്ള ബന്ധം വഷളാകുന്നതിനിടെ ഇന്ത്യയുമായി കൂടുതൽ അടുക്കാനുള്ള ശ്രമവുമായി അഫ്ഘാൻ താലിബാൻ. പാകിസ്താനിൽ നിരന്തരം ആക്രമണം നടത്തുന്ന വിവിധ തീവ്രവാദ സംഘടനകളുടെ പ്രധാന അംഗങ്ങളെ അഫ്‌ഗാനിസ്ഥാൻ സംരക്ഷിക്കുന്നുവെന്ന് പാകിസ്ഥാൻ കുറ്റപ്പെടുത്തിയിരുന്നു. ഇത് കൂടാതെ ഖൈബർ പഷ്തൂൺ മേഖലയിലെ പാകിസ്താനുമായുള്ള അതിർത്തി അഫ്ഘാനിസ്ഥാൻ അംഗീകരിക്കുന്നുമില്ല. ഈ കാരണങ്ങൾ കൊണ്ട് പാകിസ്താനും അഫ്ഘാനിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോൾ അത്ര നല്ലതല്ല. ഇതിനിടയിലാണ് ഇന്ത്യയുമായി അടുക്കാനുള്ള അഫ്ഘാനിസ്ഥാൻ ശ്രമിക്കുന്നത്.
താലിബാൻ ആക്ടിംഗ് പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദുമായാണ് ഇന്ത്യ ബുധനാഴ്ച ആദ്യ കൂടിക്കാഴ്ച നടത്തിയത് . താലിബാന്റെ രണ്ടാം വരവിൽ ഇന്ത്യ ആദ്യമായിട്ടാണ് ഔദ്യോഗിക ചർച്ച നടത്തുന്നത്. യാക്കൂബും വിദേശകാര്യ ജോയിൻ്റ് സെക്രട്ടറി ജെപി സിംഗും തമ്മിലാണ് കാബൂളിൽ കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം പ്രധാനമാണെന്നും ദില്ലിയിലെ അഫ്ഗാൻ എംബസിയിൽ താലിബാൻ വിദേശകാര്യ മന്ത്രാലയത്തിൽ നയതന്ത്രജ്ഞനെ നിയമിക്കാൻ അനുവദിക്കണമെന്നും താലിബാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
കാബൂളിലെ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കാതെ തന്നെ, രാജ്യത്തിന് സഹായം മാത്രമല്ല, പുനർനിർമ്മാണ ശ്രമങ്ങളിലും സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്നതിൻ്റെ സൂചനയാണ് കൂടിക്കാഴ്ചയെന്നാണ് അഫ്ഘാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ ഒരു പ്രവർത്തനത്തിനും അഫ്ഗാൻ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ ഉറപ്പ് നൽകി. പ്രതിരോധ മേഖലയിലെ സഹകരണത്തിനും താലിബാൻ വഴി തേടും.
Discussion about this post