എറണാകുളം: ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ ലഭിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വരും മണിക്കൂറിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും അതിശക്തമായ മഴയാണ് ലഭിക്കുക.
ഏഴ് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. തിരുവനന്തപുരം മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ മുതൽ ഇടുക്കിവരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ബാക്കി ജില്ലകളിൽ മുന്നറിയിപ്പ് ഇല്ലെങ്കിലും മഴ ലഭിക്കും. മഴയ്ക്കൊപ്പം അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായിട്ടാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. തുടർന്ന് തമിഴ്നാട്- ശ്രീലങ്കൻ തീരത്തേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുണ്ട്. ഇതിന് പുറമേ തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയിലും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീന ഫലമായി വരും ദിവസങ്ങളിലും കേരളത്തിൽ മഴ ലഭിക്കും.
Discussion about this post