ന്യൂഡൽഹി: സ്‌റ്റേഷൻ മാസ്റ്ററും ഭാര്യയുമായുള്ള തർക്കത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് നഷ്ടം കോടികൾ. വിശാഖപട്ടണം സ്വദേശിയും ഭാര്യയുമായുള്ള വഴക്കാണ് റെയിൽവേയ്ക്ക് ഭീമമായ നഷ്ടം ഉണ്ടാക്കി നൽകിയത്. അവസാനം പ്രശ്‌നക്കാരിയായ ഭാര്യയിൽ നിന്നും സ്റ്റേഷൻ മാസ്റ്റർ വിവാഹ മോചനവും നൽകി. ഈ വിവാഹ മോചന വാർത്തയാണ് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം വീണ്ടും ഓർമിക്കാൻ കാരണം ആയത്.
സംഭവം ഇങ്ങനെ. 2011 ഒക്ടോബർ 12 നായിരുന്നു സ്റ്റേഷൻ മാസ്റ്ററുടെ വിവാഹം. എന്നാൽ മധുവിധു ആഘോഷങ്ങൾ തീരുന്നതിന് മുൻപ് തന്നെ ഇരുവരും തമ്മിൽ വഴക്കായി. ഒരിക്കൽ ഡ്യൂട്ടിയ്ക്കിടെ ഭാര്യ ഫോണിൽ വിളിച്ചു. സംസാരിച്ച് സംസാരിച്ച് ഇരുവരും തമ്മിൽ വഴക്കായി. ഡ്യൂട്ടിയിൽ ആയതുകൊണ്ട് തന്നെ സംഭാഷണം അവസാനിപ്പിക്കാൻ വീട്ടിൽ എത്തിയിട്ട് സംസാരിക്കാം. ഓകെ?. എന്ന് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. ഈ രണ്ട് വാക്കുകളാണ് തുടർന്നുള്ള പ്രശ്‌നങ്ങൾക്ക് കാരണം ആയത്.
ഭാര്യയുമായുള്ള സംഭാഷണത്തിനിടെ ഓകെ എന്ന് പറഞ്ഞത് വയർലസിലൂടെ സഹപ്രവർത്തകൻ കേട്ടു. ഈ സമയം അതുവഴി ചരക്ക് തീവണ്ടി കടന്ന് പോകേണ്ടതായിരുന്നു. സ്‌റ്റേഷൻ മാസ്റ്ററുടെ ഓകെ കേട്ട സഹപ്രവർത്തകൻ തീവണ്ടി കടന്ന് പോകുന്നതിനുള്ള അനുകൂല സിഗ്നൽ ആണെന്ന് കരുതി. ഇതോടെ ചരക്ക് തീവണ്ടി കടത്തി വിടുകയായിരുന്നു. എന്നാൽ നിരോധിത മേഖലയിലൂടെ ആയിരുന്നു തെറ്റായ സഗ്നൽ ലഭിച്ച തീവണ്ടി കടന്ന് പോയത്.
സംഗതി പ്രശ്‌നമായതോടെ സ്‌റ്റേഷൻ മാസ്റ്ററെ റെയിൽവേ സസ്‌പെൻഡ് ചെയ്തു. ഇതിന് പുറമേ റെയിൽവേയ്ക്ക് മൂന്ന് കോടി രൂപ പിഴയൊടുക്കേണ്ടതായും വന്നു. ഇതിന് തൊട്ട് പിന്നാലെ ഭാര്യയ്‌ക്കെതിരെ വിവാഹ മോചന ഹർജി നൽകുകയായിരുന്നു.
Discussion about this post