തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ജാമ്യം ലഭിച്ചു എന്നതിനർത്ഥം നിരപരാധി ആണെന്നല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. കേസിന്റെ വസ്തുതകൾ പരിശോധിച്ചിട്ടല്ല മറ്റു ചില കാര്യങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയിട്ടുള്ളത്. അതൊരു സ്വാഭാവിക നടപടി മാത്രമാണെന്നും കെ സുധാകരൻ വ്യക്തമാക്കി.
തന്റെ നിരപരാധിത്വം തെളിയിക്കും എന്നാണ് പി പി ദിവ്യ ഇപ്പോഴും പറയുന്നത്. അത് ദിവ്യയുടെ മാത്രം ആത്മവിശ്വാസമാണ്. നവീൻ ബാബുവിന്റെ കുടുംബത്തിന് കോൺഗ്രസിൽ നിന്നും എല്ലാ പിന്തുണയും ഉണ്ടാകും. ജാമ്യം ലഭിച്ചു എന്ന് കരുതി കേസിൽ നിന്നും പി പി ദിവ്യ മോചിതയായിട്ടില്ല എന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
എൽഡിഎഫ് ഇപ്പോഴും പി പി ദിവ്യ ചെയ്ത ഗുരുതരമായ കുറ്റകൃത്യത്തെ നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുകയാണ്. ദിവ്യ സ്വയം തിരുത്തി മുന്നോട്ടുപോകുമെന്ന എംവി ഗോവിന്ദന്റെ വാക്കുകൾ കുറ്റബോധം കൊണ്ടാണ്. പോലീസിന്റെ അന്വേഷണത്തിൽ ഈ കേസിലെ സത്യം തെളിയില്ല. ദിവ്യയെ സംരക്ഷിക്കുന്നത് തന്നെ പോലീസാണ്. ഈ കേസിൽ ജുഡീഷ്യൽ അന്വേഷണത്തിന്റെ സാധ്യത കോൺഗ്രസ് പരിശോധിക്കും എന്നും കെ സുധാകരൻ വ്യക്തമാക്കി.
Discussion about this post