വീട്ടില്‍ നട്ടുവളര്‍ത്തുന്ന ചെടികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള യുവതിയുടെ ഫേസ്ബുക്ക് വീഡിയോ അവര്‍ക്ക് തന്നെ വിനയായി. ചെടികള്‍ക്കിടയില്‍ നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികള്‍ വീഡിയോയിലൂടെ എല്ലാവരും കാണുകയായിരുന്നു, കൂടാതെ ഒരു പടി കൂടി കടന്ന് കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തുന്ന കാര്യം യുവതി, അഭിമാനത്തോടെ വീഡിയോയില്‍ പറയുകയും ചെയ്തു.
ബംഗളുരുവിലെ ഉര്‍മിള കുമാരിയും (38) ഭര്‍ത്താവ് സാഗറുമാണ് (37) സ്വന്തം വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയത്. ഒക്ടോബര്‍ 18നാണ് വീഡിയോ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്.
വീഡിയോ കണ്ടവരില്‍ പലരും വിവരം അധികൃതരെ അറിയിച്ചു. പിന്നാലെ അധികൃതര്‍ വീട്ടില്‍ പരിശോധനയ്ക്ക് എത്തി. താഴത്തെ നിലയില്‍ ഫാസ്റ്റ് ഫുഡ് വില്‍പന കേന്ദ്രം നടത്തുന്ന ദമ്പതികള്‍ക്ക് 17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ കൃഷി ചെയ്തിരുന്നത് കഞ്ചാവ് ചെടികളാണെന്ന് കണ്ടെത്തി.
താന്‍ തന്നെയാണ് വീട്ടിലെ കഞ്ചാവ് ചെടികള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് യുവതി സമ്മതിച്ചു. വീഡിയോ കണ്ടതിന് പിന്നാലെ ഇവരുടെ ഒരു ബന്ധു, പൊലീസ് അന്വേഷിച്ചെത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കേട്ട് ചെടികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇലകളും മറ്റ് അവശിഷ്ടങ്ങളും കണ്ടെടുത്തു. ഇത് തന്നെ 54 ഗ്രാം ഉണ്ടായിരുന്നു. ലാഭമുണ്ടാക്കാനായി കഞ്ചാവ് വില്‍ക്കാന്‍ തന്നെയായിരുന്നു പ്ലാനെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു.
Discussion about this post