കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയെ നേരിൽ കണ്ട് പിന്തുണ അറിയിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കൊൽക്കത്തയിലെ കാളിഘട്ടിലുള്ള മമതയുടെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ തൃണമൂൽ നാഷണൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും പങ്കെടുത്തു. പ്രതികൂല സാഹചര്യങ്ങളിലും മമതാ ബാനർജി നടത്തിയ പോരാട്ടത്തെ അഖിലേഷ് അഭിനന്ദിച്ചു.
“നിങ്ങൾ വളരെ മികച്ച രീതിയിൽ തിരഞ്ഞെടുപ്പിനെ നേരിട്ടു” എന്ന് അഖിലേഷ് കൂടിക്കാഴ്ചയിൽ പറഞ്ഞു. തോൽവിയിൽ തളരേണ്ടതില്ലെന്നും ബിജെപിക്കെതിരായ പോരാട്ടത്തിൽ സമാജ്‌വാദി പാർട്ടി പൂർണ്ണമായും മമതയ്ക്കൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അപാകതകൾ ഉണ്ടെന്ന് ആരോപിച്ച അഖിലേഷ്, ഇക്കാര്യത്തിൽ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളിൽ ബിജെപി നേടിയ അപ്രതീക്ഷിത വിജയത്തിന് പിന്നാലെ മമതാ ബാനർജിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് അഖിലേഷ് കൊൽക്കത്തയിലെത്തിയത്. പ്രതിപക്ഷ ഐക്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. ബംഗാളിലെ ബിജെപി വിജയം വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ആവേശം പകരുമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് അഖിലേഷ് മമതയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.








