ഇടുക്കി:ശ്രീകോവിൽ കുത്തിപ്പൊളിച്ച് നശിപ്പിച്ച നിലയിൽ. നെടുങ്കണ്ടം മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിന്റെ ശ്രീക്കോവിലാണ് കുത്തിപ്പൊളിച്ചത്. കാണിക്ക വഞ്ചിയും ഓഫീസും കുത്തിത്തുറന്ന് പണം അപഹരിച്ചു.
വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. രാവിലെ ക്ഷേത്ര വാതിലുകൾ തകർന്ന നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി അറിഞ്ഞത്. പ്രധാന കാണിക്കവഞ്ചി തകർത്ത് പണം പൂർണമായും അപഹരിച്ചു.
കഴിഞ്ഞ ആറ് മാസമായി കാണിക്ക വഞ്ചിയിൽ നിന്നും പണം എടുത്തിട്ടില്ലായിരുന്നു. അതിനാൽ 70,000 രൂപയോളം എങ്കിലും ഉണ്ടായിരിക്കാമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിന്റെ ഓഫീസ് കുത്തിപ്പൊളിച്ച് ഇവിടെ സൂക്ഷിച്ചിരുന്ന 3,000 രൂപയും മോഷ്ടിച്ചിട്ടുണ്ട്.
ക്ഷേത്രക്കമ്മറ്റി ഭാരവാഹികളുടെ പരാതിയെത്തുടർന്ന് നെടുങ്കണ്ടം സി.ഐ ജർളിൻ വി. സ്‌കറിയയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post