നൗക്‌ചോട്ട് : വിവാഹമോചനത്തെ പൊതുവെ നല്ല കാര്യമായി ആരും കാണാറില്ല. അതുകൊണ്ട് തന്നെ വിവാഹ മോചനം തേടാൻ ശ്രമിക്കുന്നവരെ അതിൽ നിന്നും പിൻതിരിപ്പിക്കാറാണ് പതിവ്. സമൂഹം എന്ത് പറയുമെന്ന കാരണത്താൽ പൊരുത്തക്കേടുകൾക്കിടയിലും ഒന്നിച്ച് ജീവിക്കുന്നവരും നമുക്കിടയിൽ ഉണ്ട്.
വിവാഹ മോചിതരായവർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് നമ്മുടെ നാട്ടിൽ ജീവിക്കുക എന്നത് ഏറെ പ്രയാസകരമാണ്. എന്നാൽ വിവാഹ മോചനം ആഘോഷമാക്കന്ന ഒരു രാജ്യം നമ്മുടെ ഈ ലോകത്തുണ്ട്. ഈ രാജ്യത്ത് വിവാഹ മോചിതരായ സ്ത്രീകൾക്ക് പ്രത്യേക സ്ഥാനമാണ് ഉള്ളത്.
വടക്ക് പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രാജ്യം ഉള്ളത്. മൗറിറ്റാനിയ എന്നാണ് ഈ വ്യത്യസ്ത രാജ്യത്തിന്റെ പേര്. ഭൂപ്രകൃതി നോക്കിയാൽ ഇവിടെ 90 ശതമാനത്തോളം മരുഭൂമിയാണ്. ബാക്കിയുള്ള ഭാഗങ്ങളിലാണ് ജനവാസം. 45 ലക്ഷത്തോളം ആളുകൾ ഇവിടെ തിങ്ങിപ്പാർക്കുന്നുണ്ടെന്നാണ് വിവരം. ഫ്രാൻസിന്റെ ഭാഗമായിരുന്ന മൗറിറ്റാനിയ 1960 ലാണ് സ്വതന്ത്ര രാജ്യമായത്. അന്ന് മുതൽ തന്നെ വിവാഹ മോചനം നേടുന്ന സ്ത്രീകൾക്ക് പ്രത്യേക ആദരവ് നൽകിവന്നിരുന്നു.
ഈ രാജ്യത്ത് വിവാഹ മോചനത്തെ ഒരിക്കലും മോശമായി ആരും കാണാറില്ല. അത് മാത്രവുമല്ല, വിവാഹ മോചിതരാകുന്ന സ്ത്രീകളെ വളരെ ബഹുമാനത്തോടെ മാത്രമേ ആളുകൾ കാണാറുള്ളൂ. സ്ത്രീകൾ ആണെങ്കിലും വിവാഹ മോചനത്തെ സന്തോഷത്തോടെ മാത്രമാണ് സമീപിക്കാറുള്ളത്. ഇതിന് കാരണവും ഉണ്ട്.
മൗറിറ്റാനിയയിൽ വിവാഹ മോചിതരായ സ്ത്രീകളെ ബുദ്ധിശാലികളും പക്വതയുള്ളവരും ആയിട്ടാണ് കണക്കാക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇവർക്ക് അന്തമായ സാദ്ധ്യതകളും ഉണ്ട്. വിവാഹ ബന്ധം വേർപെടുത്തിയവർക്കായി ഇവിടെ ഒരു മാർക്കറ്റ് ഉണ്ട്. ഈ മാർക്കറ്റാണ് സ്ത്രീകളുടെ വിവാഹ മോചനം സന്തോഷകരമാക്കുന്നത്.
വിവാഹ മോചിതരായ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക എന്നത് ലക്ഷ്യമിട്ടാണ് ഈ മാർക്കറ്റ് തുടങ്ങിയിരിക്കുന്നത്. ഇവിടെ സ്ത്രീകൾക്ക് തങ്ങളുടെ കൈവശം ഉള്ള വസ്തുക്കൾ വിൽക്കാം. പാത്രങ്ങൾ, ഫർണീച്ചറുകൾ, പലഹാരങ്ങൾ തുടങ്ങി എന്ത് വേണമെങ്കിലും ഈ മാർക്കറ്റിൽ വിൽപ്പന നടത്താം. ഇതുവഴി ഇവർക്ക് പണം ലഭിക്കുകയും, ഇവർ സ്വയം പര്യാപ്തർ ആകുകയും ചെയ്യുന്നു.
Discussion about this post