മലപ്പുറം: മന്ത്രി ഒ ആർ കേളു ചങ്ങാടത്തിൽ കുടുങ്ങി. മലപ്പുറം വഴിക്കടവിൽ ആയിരുന്നു സംഭവം. അര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് മന്ത്രിയെ കരയ്ക്ക് എത്തിച്ചത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു മന്ത്രി. പുഞ്ചൻകൊല്ലി വനവാസി നഗറിൽ എത്തിയ മന്ത്രി പുന്നപ്പുഴ കടക്കുന്നതിനിടെ ആയിരുന്നു ചങ്ങാടത്തിൽ കുടുങ്ങിയത്. മന്ത്രിയ്‌ക്കൊപ്പം ചില എൽഡിഎഫ് നേതാക്കളും ഉണ്ടായിരുന്നു.
മുളകൊണ്ട് കെട്ടിയ ചങ്ങാടത്തിൽ ആയിരുന്നു ഇവരുടെ യാത്ര. നാലോ അഞ്ചോ പേർക്ക് സഞ്ചരിക്കാൻ പാകത്തിലുള്ളതാണ് ഈ ചങ്ങാടം. എന്നാൽ ഇതിൽ മന്ത്രിയുൾപ്പെ ഒൻപതോളം പേർ സഞ്ചരിക്കാൻ ശ്രമിക്കുകയായിരുന്നു. മന്ത്രിയും സംഘവും ചങ്ങാടത്തിൽ കയറിയതിന് പിന്നാലെ ഇത് താഴ്ന്നു. തുടർന്ന് പാറയിൽ കുടുങ്ങി. കയറിൽ പിടിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചുവെങ്കിലും ഇതിന് കഴിയാതെ വരികയായിരുന്നു. തണ്ടർബോൾട്ട് സംഘവും നാട്ടുകാരും എത്തിയായിരുന്നു മന്ത്രിയെയും സംഘത്തെയും കരയ്ക്ക് എത്തിച്ചത്.
നേരത്തെ ഇവിടെ ഇരു കരകളെയും ബന്ധിപ്പിച്ച് ഇരുമ്പ് പാലം ഉണ്ടായിരുന്നു. എന്നാൽ പ്രളയത്തിൽ ഇത് തകർന്നു. ഇതിന് ശേഷം ഈ പാലം പുനർനിർമ്മിക്കാൻ പല തവണ നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല. ഇതേ തുടർന്നാണ് മുളകൊണ്ടുള്ള ചങ്ങാടത്തിൽ യാത്ര ആരംഭിച്ചത്. അങ്ങനെ ഇരിക്കെയാണ് മന്ത്രി ചങ്ങാടത്തിൽ കുടുങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് ഇവിടുത്തുകാരുടെ പ്രതീക്ഷ.
Discussion about this post