മലപ്പുറം ചങ്ങരംകുളത്ത് നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങരംകുളം ടിപ്പു നഗർ കുറ്റിപ്പുള്ളിയിൽ ഷംസുദ്ദീന്റെയും നദീറയുടെയും മകളായ അസ്നയെയാണ് (20) വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചിയാനൂർ അരുവായിൽ അസറിന്റെ ഭാര്യയാണ് അസ്ന. വിവാഹം കഴിഞ്ഞ് കേവലം ആറുമാസം മാത്രം പിന്നിടുമ്പോഴുണ്ടായ ഈ വിയോഗം ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
രണ്ടുദിവസം മുൻപാണ് അസ്ന ചങ്ങരംകുളത്തുള്ള സ്വന്തം വീട്ടിലെത്തിയത്. ശനിയാഴ്ച വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ അസ്നയെ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഭർത്താവ് അസർ എടപ്പാളിലെ ഒരു ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരനാണ്. ദാമ്പത്യ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സംഭവത്തിൽ ചങ്ങരംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കബറടക്കം ഇന്ന് തന്നെ നടക്കും.












