ന്യൂഡൽഹി; പ്രമുഖ എഴുത്തുകാരനും ഇന്ത്യൻ വംശജനുമായ സൽമാൻ റുഷ്ദിയുടെ വിവാദമായ പുസ്‌കരം സാത്താന്റെ വചനങ്ങൾ എന്ന നോവൽ ഇനി ഇന്ത്യക്കാർക്കും വായിക്കാം. പുസ്തകത്തിന് രാജ്യത്തത്ത് ഇറക്കുമതി വിലക്ക് ഏർപ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹർജികളിൽ ഡൽഹി ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു. ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തിയ വിജ്ഞാപനം ഹാജരാക്കാൻ അധികൃതർക്കായിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇങ്ങനെയൊരു വിലക്ക് നിലവിലില്ലെന്ന് വേണം അനുമാനിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
1988ലാണ് അന്നത്തെ രാജീവ് ഗാന്ധി സർക്കാർ റുഷ്ദിയുടെ നോവലിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. ഇതു ചോദ്യം ചെയ്ത് 2019ൽ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇപ്പോൾ തീർപ്പാക്കിയിരിക്കുന്നത്. 1988 ഒക്ടോബർ അഞ്ചിനു കേന്ദ്ര കസ്റ്റംസ് ബോർഡ് ഇറക്കിയ ഉത്തരവു നിലനിൽക്കുന്നതു കൊണ്ട് സൽമാൻ റുഷ്ദിയുടെ ദ സാത്താനിക് വേഴ്‌സസ് എന്ന പുസ്തകം ഇറക്കുമതി ചെയ്യാൻ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സന്ദീപൻ ഖാൻ ഹർജി നൽകിയത്.
വിജ്ഞാപനം ഹാജരാക്കാൻ അധികൃതർക്കാവാത്ത സാഹചര്യത്തിൽ പുസ്തകവുമായി ബന്ധപ്പെട്ട് നിയമപരമായ ഏതു നടപടിയും ഹർജിക്കാരനു സ്വീകരിക്കാവുന്നതാണെന്ന് ജസ്റ്റിസ് രേഖാ പാട്ടീൽ വ്യക്തമാക്കി.
Discussion about this post