ബെംഗളൂരു: രാത്രിയാത്രയില്‍ തനിക്ക് വ്യാജ കാബ് ഡ്രൈവറില്‍ നിന്നുണ്ടായ പേടിപ്പിക്കുന്ന അനുഭവം പങ്കുവച്ച് യുവതി. ഓല ടാക്‌സി ബുക്ക് ചെയ്ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. തനിക്കുണ്ടായ ഭീതിദമായ അനുഭവത്തെക്കുറിച്ച് നികിത മാലിക് എന്ന യുവതിയാണ് സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടത്. 112 എന്ന നമ്പറില്‍ വിളിച്ചില്ലായിരുന്നെങ്കില്‍ ഈ കുറിപ്പിടാന്‍ താന്‍ ബാക്കിയുണ്ടാകുമായിരുന്നോ എന്ന് ഉറപ്പില്ലെന്ന് യുവതി പറയുന്നു.
ഡല്‍ഹിയില്‍ നിന്നെത്തിയ ജൂനിയര്‍ റെസിഡന്റ് ഡോക്ടറായ നികിത ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ പിക്കപ്പ് സ്‌പോട്ടില്‍ നിന്നാണ് രാത്രി 10.30 ഓടെ് ടാക്‌സി ബുക്ക് ചെയ്തത്. ഓലയില്‍ മിനി കാബ് ആണ് ബുക്ക് ചെയ്തതെങ്കിലും വന്നത് സെഡാന്‍ ആണ്. എന്തോ പിഴവ് സംഭവിച്ചെന്ന് ഡ്രൈവറോട് പറഞ്ഞെന്ന് നികിത കുറിച്ചു. ഈ കാറില്‍ എത്തിക്കാമെന്ന് ഡ്രൈവര്‍ മറുപടി നല്‍കി.
എന്നാല്‍ സാധരണ കാബില്‍ കയറുമ്പോള്‍ നിര്‍ബന്ധമായി നല്‍കേണ്ട ഒടിപി ഈ ഡ്രൈവര്‍ ചോദിച്ചില്ല. ഒഫീഷ്യല്‍ ആപ്പില്‍ തകരാറുണ്ടെന്നും പോകേണ്ട സ്ഥലം പേഴ്‌സനല്‍ ആപ്പില്‍ നല്‍കാനും ഡ്രൈവര്‍ ആവശ്യപ്പെട്ടു. ടാക്‌സി മുന്നോട്ടു പോകവേ ഡ്രൈവര്‍ ആപ്പില്‍ കാണിച്ചതിലും കൂടുതല്‍ നിരക്ക് വേണമെന്നായി ഇയാളുടെ ആവശ്യം തനിക്കത് പറ്റില്ലെന്ന് പറഞ്ഞതോടെ മറ്റൊരു വാഹനത്തില്‍ കയറ്റിവിടാമെന്നാണ് ഇയാള്‍ നികിതയോട് പറഞ്ഞത്.
അപകടമെന്ന് തോന്നിയ നികിത വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചെത്തിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഡ്രൈവര്‍ അത് അവഗണിച്ചെന്ന് മാത്രമല്ല, കാര്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തി ഇന്ധനമടിക്കാന്‍ 500 രൂപ ആവശ്യപ്പെടുകയും ചെയ്തു. ഉടനെ എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പറായ 112ല്‍ ബന്ധപ്പെടുകയും തന്റെ ലൈവ് ലൊക്കേഷന്‍ അയച്ചുകൊടുക്കുകയും ചെയ്‌തെന്ന് നികിത പറയുന്നു. 20 മിനിറ്റിനുള്ളില്‍ പൊലീസെത്തി ബസവരാജ് എന്ന ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post