ചെന്നൈ: തന്നെ ആരും ഇനി ഉലകനായകൻ എന്ന് വിളിക്കരുതെന്ന് നടൻ കമൽഹാസൻ. സിനിമ എന്നത് ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നത് അല്ല. സിനിമ എല്ലാവർക്കും അവകാശപ്പെട്ടത് ആണെന്നും കമൽ ഹാസൻ പറഞ്ഞു. രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് നടൻ ഇക്കാര്യം ആരാധകരെ അറിയിച്ചത്. എക്‌സിൽ അദ്ദേഹം ഈ പത്രക്കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
ഉലകനായകൻ എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. നിങ്ങളുടെ ഈ വിശേഷണം ഒരു അംഗീകാരം ആയിട്ടാണ് താൻ കരുതാറുള്ളത്. നിങ്ങൾക്ക് എന്നോടുള്ള സ്‌നേഹമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് എന്നത്‌കൊണ്ടുതന്നെ അതിൽ സന്തോഷിച്ചിട്ടുണ്ട്. എന്നാൽ സിനിമ എന്നത് ഒരു വ്യക്തിയിൽ ഒതുങ്ങുന്നതോ ഒരു വ്യക്തിയാൽ ചുറ്റപ്പെട്ടതോ അല്ല. ഈ മഹത്തായ കലയിൽ ഞാനൊരു വിദ്യാർത്ഥി മാത്രമാണ്. ഞാൻ എപ്പോഴും എന്നത്തന്നെ പരിഷ്‌കരിക്കാനും പഠിക്കാനും വളരാനും ആഗ്രഹിക്കുന്നു. ഏതൊരു സർഗ്ഗാത്മക ആവിഷ്‌കാര രൂപത്തെയും പോലെ സിനിമയും എല്ലാവർക്കും അവകാശപ്പെട്ടത് ആണ്.
കലാകാരന്മാർ ഒരിക്കലും കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ല. അതാണ് എന്റെ വിശ്വാസം. എന്റെ പോരായ്മകളെക്കുറിച്ച് ബോധവാന്മാരായി ആ ബോധ്യത്തോടെ നില കൊള്ളാൻ ശ്രമിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ ഉലകനായകൻ എന്ന ശീർഷകങ്ങളെയും വിശേഷണങ്ങളെയും നിരസിക്കാൻ ഞാൻ നിർബന്ധിതനാകുകയാണ്. ഇനി മുതൽ എല്ലാ സഹോദരീ സഹോദരന്മാരും കമൽ എന്നോ, കെ എത്ത് എന്നോ മാത്രം വിളിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നുവെന്നും കമൽ ഹാസൻ ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങളോടും സാമുദായിക അംഗങ്ങളോടും, പാർട്ടി പ്രവർത്തകരോടും ഇതാണ് പറയാനുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളുകളായി നിങ്ങളെന്നോട് കാണിക്കുന്ന ഈ സ്‌നേഹത്തിന് നന്ദി. സിനിമ എന്ന കലാരൂപത്തിന് മുൻപിൽ എല്ലാവരും തുല്യരാണ്. നിങ്ങളുടെ സ്‌നേഹത്തിന് ഇനിയും പാത്രമാകാൻ ഞാൻ ആഗ്രഹിക്കരുത് എന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.
Discussion about this post