സോൾ : ദക്ഷിണകൊറിയയിലെ ചരിത്ര പ്രതിമയെ ഉമ്മ വെച്ചതിന് അമേരിക്കൻ യൂട്യൂബർക്ക് എതിരെ കർശന നടപടി. സമാധാനത്തിന്റെ സൂചകമായി സ്ഥാപിക്കപ്പെട്ട പ്രതിമയെ ഉമ്മ വെച്ച് അവഹേളിച്ചു എന്നാണ് യൂട്യൂബർക്കെതിരെ പരാതി ഉയർന്നിട്ടുള്ളത്. ജോണി സോമാലി എന്നറിയപ്പെടുന്ന റാംസേ ഖാലിദ് ഇസ്മയിൽ ആണ് ദക്ഷിണ കൊറിയയിൽ പിടിയിലായിട്ടുള്ളത്.
നിലവിൽ ദക്ഷിണ കൊറിയയിൽ തടഞ്ഞു വയ്ക്കപ്പെട്ടിട്ടുള്ള ജോണി സോമാലിയ്ക്ക് 10 വർഷം വരെ തടവു ശിക്ഷ ലഭിച്ചേക്കും എന്നാണ് സൂചന. തലസ്ഥാനമായ സോളിലെ കൾച്ചറൽ പാർക്കിൽ സ്ഥാപിച്ചിരുന്ന സ്റ്റാച്യു ഓഫ് പീസ് എന്ന ചരിത്ര പ്രാധാന്യമുള്ള പ്രതിമയെയാണ് സോമാലി അപമാനിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ദക്ഷിണ കൊറിയ ജപ്പാന്റെ കോളനിയായിരുന്ന സമയത്ത് ജാപ്പനീസ് സൈന്യം കൊറിയൻ സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ചിരുന്നതിനെതിരെ ആണ് ഈ സമാധാന പ്രതിമ സ്ഥാപിക്കപ്പെട്ടിരുന്നത്.
ജാപ്പനീസ് അധിനിവേശക്കാലത്ത് ദുരിതങ്ങൾ അനുഭവിച്ച ആയിരക്കണക്കിന് കൊറിയൻ സ്ത്രീകളുടെ പ്രതീകം ആയിട്ടായിരുന്നു ഈ പെൺ പ്രതിമയെ കൾച്ചറൽ പാർക്കിൽ സ്ഥാപിച്ചത്. അടുത്തിടെ ദക്ഷിണ കൊറിയ സന്ദർശിക്കാൻ എത്തിയ സോമാലി ഈ പ്രതിമയെ ഉമ്മ വയ്ക്കുകയും അതിനു മുൻപിൽ നിന്ന് ഡാൻസ് കളിക്കുകയും ചെയ്ത് വീഡിയോ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. ദക്ഷിണ കൊറിയയിൽ കടുത്ത പ്രതിഷേധം ആയിരുന്നു ഇതിനെതിരെ ഉണ്ടായത്. ഇതേ തുടർന്നാണ് കൊറിയൻ പോലീസ് ജോണി സോമാലിയെ അറസ്റ്റ് ചെയ്യുകയും രാജ്യം വിടുന്നത് വിലക്കുകയും ചെയ്തത്. നേരത്തെ ജപ്പാനിലും ജെറുസലേമിലും സമാനമായ കുറ്റം ചെയ്തതിന് വിലക്ക് നേരിട്ടുള്ള വ്യക്തിയാണ് ജോണി സോമാലി.
Discussion about this post