ന്യൂഡൽഹി: രണ്ടാം ട്രംപ് ഭരണകൂടം വരുന്നതോടെ ഇന്ത്യയിലെ വിദേശ നിക്ഷേപത്തിൽ വരുന്നത് വലിയ മാറ്റാമെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോർട്ട് അനുസരിച്ച്, നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തുന്നതോടെ ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ മേഖല വലിയ പരിവർത്തനത്തിന് തന്നെ വിധേയമാകുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി ട്രംപ് തൻ്റെ ആദ്യ ടേമിൽ കൊണ്ടുവന്ന സുപ്രധാന നിയന്ത്രണ മാറ്റങ്ങൾ ഇന്ത്യൻ വിദേശ നിക്ഷേപത്തെ ബാധിച്ചിരുന്നു. അദ്ദേഹത്തിൻ്റെ രണ്ടാം ടേമിൽ സമാനമായ നയങ്ങൾ തിരിച്ചുവരവ് നടത്തിയാൽ, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ വളർന്നുവരുന്ന വിപണികൾക്ക് അത് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.
എന്നാൽ ഈ ഒരു തിരിച്ചടി ഉണ്ടായാലും അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. സാധ്യമായ ഇടിവ് കുറയ്ക്കുന്നതിന് എഫ്ഡിഐ സ്രോതസ്സുകൾ ക്രമേണ വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിലാണ് ഭാരതം.
നിരവധി പുതിയ മേഖലകളിൽ ഇന്ത്യ ഇന്ന് ലോകരാജ്യങ്ങൾക്ക് നല്ലൊരു നിക്ഷേപ സാധ്യത ആയതിനാൽ പരമ്പരാഗത സ്രോതസ്സുകളിൽ നിന്നുള്ള തിരിച്ചടി ഇന്ത്യയെ ബാധിക്കില്ലെന്നും റിപ്പോർട്ട് പറയുന്നു . ഒരു ദശാബ്ദം മുമ്പുള്ളതിൽ നിന്ന് വ്യത്യസ്തമായി, പുനരുപയോഗ ഊർജം, കടൽ ഗതാഗതം, മെഡിക്കൽ ഉപകരണങ്ങൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങളുടെ വിപുലമായ ശ്രേണിയിലേക്ക് രാജ്യം ഇപ്പോൾ നിക്ഷേപം ആകർഷിച്ചു വരികയാണ് .
കൂടാതെ, ആഗോള നിക്ഷേപ പ്രവണതകൾ മറ്റൊരു ട്രംപ് ഭരണകൂടത്തിന് കീഴിൽ മാറുന്ന സാഹചര്യത്തിൽ, പരമ്പരാഗത മേഖലകളിലെ നിക്ഷേപങ്ങളിൽ എന്തെങ്കിലും കുറവുണ്ടായാൽ, വളർന്നുവരുന്ന 12 മേഖലകൾ ഇന്ത്യ വികസിപ്പിക്കുകയും ചെയ്യും എന്നാണ് കരുതപ്പെടുന്നത്.
വെല്ലുവിളികളുടേയും അവസരങ്ങളുടേയും സമ്മിശ്ര പാക്കേജ് ആയിരിക്കും ട്രംപ് 2.0 എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Discussion about this post