മുംബൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര കോൺഗ്രസിൽ പാളയത്തിൽ പട തുടരുന്നു. ഇതിന്റെ ഭാഗമായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഏഴ് വിമത സ്ഥാനാർത്ഥികളെ സസ്പെൻഡ് ചെയ്തിരിക്കുകയാണ് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി).
ശ്യാംകാന്ത് സനേർ, രാജേന്ദ്ര താക്കൂർ, അബാ ബാഗുൽ, മനീഷ് ആനന്ദ്, സുരേഷ് കുമാർ ജെത്‌ലിയ, കല്യാണ് ബൊറാഡെ, ചന്ദ്രപാൽ ചൗക്‌സെ തുടങ്ങിയ നേതാക്കളാണ് പുതുതായി സസ്‌പെൻഡ് ചെയ്യപ്പെട്ടത്. ഇതിനു മുമ്പേ , എംപിസിസി മറ്റ് 21 വിമതരെ കൂടി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതോടെ 22 മണ്ഡലങ്ങളിലായി ആകെ സസ്പെൻഷനുകളുടെ എണ്ണം 28 ആയി.
സസ്പെൻഡ് ചെയ്യപ്പെട്ട ഈ സ്ഥാനാർത്ഥികൾ മഹാ വികാസ് അഘാഡിയുടെ (എംവിഎ) ഔദ്യോഗിക നോമിനികൾക്കെതിരെയാണ് മത്സരിക്കുന്നത്. എംവിഎയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന എല്ലാ പാർട്ടി വിമതർക്കും ആറ് വർഷത്തെ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്ന് നിലവിൽ മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
ഈ വരുന്ന നവംബർ 20 നാണ് മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് നടക്കാൻ പോകുന്നത്. നിലവിലെ ഭരണം നിലനിർത്താൻ ബി ജെ പി യുടെ നേതൃത്വത്തിലുള്ള മഹാ യൂതി ലക്ഷ്യമിടുമ്പോൾ, വിമതരെ കൊണ്ടും സഖ്യ കക്ഷികളിലെ യോജിപ്പില്ലായ്മ കൊണ്ടും വലയുകയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാ വികാസ് അഘാടി.
Discussion about this post