പാട്ന : ബംഗ്ലാദേശ് ഭീകരസംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട ദേശവിരുദ്ധ കേസിൽ 6 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തി. ബിഹാർ, ജമ്മു കശ്മീർ, കർണാടക, പശ്ചിമ ബംഗാൾ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎ സംഘം തിരച്ചിൽ നടത്തിയത്. പരിശോധനയിൽ ബാങ്കിംഗ് ഇടപാടുകൾ, മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് തെളിവുകളും തീവ്രവാദ ഫണ്ടിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ബിഹാറിൽ മാത്രം ഒമ്പത് സ്ഥലങ്ങളിൽ എൻഐഎ തിങ്കളാഴ്ച റെയ്ഡ് നടത്തി. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ-ഖ്വയ്ദ ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് എൻഐഎ പറയുന്നു. കഴിഞ്ഞ വർഷം ബംഗ്ലാദേശ് ആസ്ഥാനമായുള്ള അൽ-ഖ്വയ്ദ പ്രവർത്തകർ നടത്തിയ ഗൂഢാലോചന പുറത്തുകൊണ്ടുവന്നതുമായി ബന്ധപ്പെട്ടായിരുന്നു തിരച്ചിൽ. കഴിഞ്ഞ വർഷം നവംബറിൽ, നാല് ബംഗ്ലാദേശ് പൗരന്മാർ ഉൾപ്പെടെ അഞ്ച് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഇന്ത്യയിലെ മുസ്ലീം യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയും അൽ-ഖ്വയ്ദയുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരിലാണ് എൻഐഎ അന്വേഷണം നടത്തുന്നത്. ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ നിന്നും ഫണ്ട് ശേഖരിക്കുകയും ഈ ഫണ്ട് അൽ-ഖ്വയ്ദയ്ക്ക് കൈമാറിയിരുന്നതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post