മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി സഖ്യത്തിന് പ്രതീക്ഷ നൽകി അഭിപ്രായ സർവേ ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി, ശിവസേന (ഏക്നാഥ് ഷിൻഡെ), എൻസിപി (അജിത് പവാർ) കക്ഷികളുടെ മഹായുതി സഖ്യം ഭരണം നിലനിർത്തുമെന്ന് പ്രവചിച്ച് സർവേ ഏജൻസിയായ മെട്രിസ്. മഹായുതി സഖ്യം കേവലഭൂരിപക്ഷമായ 145 സീറ്റുകൾക്ക് മുകളിൽ നേടുമെന്നാണ് പ്രവചനം. മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിൽ മഹായുതി സഖ്യം 145 മുതൽ 165 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.
അതേസമയം കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ) കക്ഷികളുടെ മഹാവികാസ് അഘാഡി സഖ്യത്തിന് അടുത്ത അഞ്ച് വർഷത്തേക്ക് കൂടെ പ്രതിപക്ഷത്ത് തുടരേണ്ടുവരുമെന്നാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്. മഹാവികാസ് അഘാഡി സഖ്യം 106 മുതൽ 126 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു.
വോട്ട് ഷെയറിലും മഹായുതി സഖ്യത്തിന് മേൽക്കൈ ലഭിക്കുമെന്നും പ്രവചനമുണ്ട്. മഹായുതി സഖ്യം 47 ശതമാനം വോട്ടുകൾ നേടുമ്പോൾ മഹാവികാസ് അഘാഡി സഖ്യത്തിന് 41 ശതമാനം വോട്ടുകൾ മാത്രമേ ലഭിക്കൂ എന്നാണ് മെട്രിസിൻ്റെ പ്രവചനം.
പ്രാദേശികമായി, മഹായുതിയുടെ പ്രധാന ഘടകമായ ബി.ജെ.പിക്ക് പ്രാദേശിക പിന്തുണ വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ച് പശ്ചിമ മഹാരാഷ്ട്ര (48%), വിദർഭ (48%), താനെ-കൊങ്കൺ (52%) എന്നിവിടങ്ങളിൽ ശക്തമായ പിന്തുണയാണ് സർവേ സൂചിപ്പിക്കുന്നത്. നേരെമറിച്ച്, വടക്കൻ മഹാരാഷ്ട്രയിലും മറാത്ത്‌വാഡയിലും യഥാക്രമം 47%, 44% വോട്ട് ഷെയറുകളോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള MVA മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹരിയാനയിലെ വിജയകരമായ പ്രചാരണത്തെത്തുടർന്ന്, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി ശക്തി പ്രാപിക്കുകയും, അതിൻ്റെ അടിത്തറ പുനരുജ്ജീവിപ്പിക്കുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കായി ശക്തമായി ഒരുങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
Discussion about this post