ന്യൂഡൽഹി: ബലാത്സംഗ കേസിൽ സിദ്ദിഖ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ഇതേ തുടർന്ന് ഇടക്കാല ജാമ്യവും നീട്ടി നൽകി. അടുത്ത ആഴ്ചയാകും ഇനി സിദ്ദിഖിന്റെ ജാമ്യ ഹർജി പരിഗണിക്കുക. സിദ്ദിഖിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത് എന്നാണ് റിപ്പോർട്ടുകൾ.
ജസ്റ്റിസ് ബേല ത്രിവേദി അദ്ധ്യക്ഷനായ ബെഞ്ച് മുൻപാകെയാണ് സിദ്ദിഖിന്റെ ഹർജിയുള്ളത്. 12ാം നമ്പർ കോടതിയെ ആറാം നമ്പർ കേസ് ആയിട്ടായിരുന്നു ഇന്ന് സിദ്ദിഖിന്റെ ഹർജി പരിഗണിക്കാനിരുന്നത്. സിദ്ദിഖിനായി മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ മുകുൾ റോത്തഗി ആണ് ഹാജരായത്. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറും ഹാജരായിരുന്നു.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇന്നും സംസ്ഥാനം സുപ്രീംകോടതിയിൽ ആവർത്തിച്ചു. എന്നാൽ തന്റെ സ്വകാര്യവിവരങ്ങളാണ് അന്വേഷണ സംഘം ചോദിക്കുന്നത് എന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ട് എന്നും സിദ്ദിഖിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് രണ്ട് തവണ ഹാജരായതും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ചോദ്യം ചെയ്യലിനായി സിദ്ദിഖ് എത്തുന്നുണ്ടല്ലോ എന്ന മറുചോദ്യം ആയിരുന്നു ഇതിന് പിന്നാലെ കോടതി നടത്തിയ പ്രതികരണം. ചോദ്യം ചെയ്യലിന് ഹാജരായിരുന്നുവെന്ന് സർക്കാരും കോടതിയിൽ സമ്മതിച്ചു. എന്നാൽ ആവശ്യപ്പെട്ടത് പ്രകാരം രേഖകൾ ഒന്നും തന്നെ സിദ്ദിഖ് നൽകിയില്ല എന്ന് കോടതിയിൽ സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം ചോദ്യം ചെയ്യലിന് ഹാജരായി എന്നത് അന്വേഷണത്തോട് സഹകരിക്കൽ ആണെന്ന് കോടതി വ്യക്തമാക്കി. 2016 ൽ ഉപയോഗിച്ചിരുന്ന ഐ ഫോൺ ഹാജരാക്കാൻ പറയുന്നത് വിചിത്രമായ നിർദ്ദേശം ആണെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെ മറ്റൊരു ദിവസത്തേയ്ക്ക് ഹർജി പരിഗണിക്കുന്നത് മാറ്റണം എന്ന് അഭിഭാഷകൻ പറയുകയായിരുന്നു.
Discussion about this post