നമ്മുടെ പ്രിയപ്പെട്ടവരുടെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യുക എന്നത് ഏറെ വിഷമകരമായ കാര്യമാണ്. മനുഷ്യരുടെ മാത്രമല്ല, നമ്മുടെയെല്ലാം പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളുടെയും അന്ത്യ കര്‍മ്മങ്ങള്‍ നമ്മൾ നടത്തുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍, വർഷങ്ങളായി തങ്ങൾക്കൊപ്പമുണ്ടായിരുന്ന, തങ്ങളുടെ പ്രിയപ്പെട്ട കാറിന്റെ അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള ഒരു കുടുംബം.
ഗുജറാത്തിലെ അമ്രേലി ജില്ലയിൽലാണ് ഇത്തരത്തിൽ വിചിത്രമായ ഒരു സംഭവം നടന്നിരിക്കുന്നത്. 12 വയസ്സുള്ള തങ്ങളുടെ മാരുതി സുസുക്കി വാഗണ്‍ ആറിന് ആണ് വ്യത്യസ്തമായ രീതിയിൽ ഉടമ സഞ്ജയ് പൊൽറയും കുടുംബവും അന്ത്യയാത്ര ഒരുക്കിയത്.
തങ്ങളുടെ കുടുംബത്തിന്റെ ഭാഗ്യമായിട്ടാണ് സഞ്ജയ് പൊൽറയും കുടുംബവും ഈ കാറിനെ കണ്ടിരുന്നത്. അതിനാല്‍ തന്നെ പഴക്കം ചെന്ന കാർ നശിപ്പിച്ച് കളയാനായി നൽകുന്നതിന് പകരം സംസ്കാരം നടത്താൻ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
സംസ്കാരം നടത്താനായി നാലുലക്ഷം രൂപയാണ് കുടുംബം ചെലവഴിച്ചത്. 1500 പേരെ ചടങ്ങുകള്‍ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ആത്മീയനേതാക്കള്‍ ഉള്‍പ്പെടെയാണ് ചടങ്ങിന് വന്നത്.
തന്റെ കൃഷിയിടത്തിൽ തന്നെയാണ് കാറിനെ അടക്കുന്നതിന് വേണ്ടി പൊൽറ 15 അടി ആഴത്തിൽ കുഴി എടുത്തിരുന്നത്. തന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും തനിക്കായി കൊണ്ടുവന്നത് ഈ കാറാണ് എന്നാണ് പൊൽറ വിശ്വസിക്കുന്നത്.
കാറിനെ അടക്കുന്നതിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന കാർ വീട്ടിൽ നിന്നും ആളുകളുടെ അകമ്പടിയോടെ തോട്ടത്തിലെടുത്തിരിക്കുന്ന കുഴിയിലേക്ക് കൊണ്ടു വരുന്നത് വീഡിയോയില്‍ കാണാം. പിന്നീട്, ഈ കാർ കുഴിയിലേക്ക് വയ്ക്കുന്നതും അതിന് മുകളിലേക്ക് മണ്ണിട്ട് മൂടുന്നതുമാണ് കാണാന്‍ കഴിയും. പച്ചത്തുണി കൊണ്ട് മൂടി, അന്ത്യപ്രാർത്ഥനകളും നടത്തിയ ശേഷമാണ് കാറിനെ അടക്കം ചെയ്യുന്നത്.
Discussion about this post