വയനാട് : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിലും ചേലക്കര ല നിയോജക മണ്ഡലത്തിലും പോളിംഗ് തുടരുന്നു. സമയം ഒന്നരയോട് അടുത്തപ്പോൾ ചേലക്കരയിൽ 44.35 ശതമാനവും വയനാട് 40.64 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
രാവിലെ ഏഴ് മണിയോടെ ഇരു മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്.
ചേലക്കര മണ്ഡലത്തിൽ ആറും, വയനാട്ടിൽ 16 സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്. ചേലക്കര എംഎൽഎയും മന്ത്രിയുമായ കെ രാധാകൃഷ്ണൻ എംപിയായി വിജയിച്ചതോടെയാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വയനാട്ടിലെ എംപി സ്ഥാനം രാഹുൽ ഗാന്ധി രാജിവച്ച പശ്ചാത്തലത്തിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങൾക്കൊപ്പം പാലക്കാടും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാൽ കൽപ്പാത്തി തേര് പ്രമാണിച്ച് വോട്ടെടുപ്പ് 20 ലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. പശ്ചിമബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാൻ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡ് , ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
Discussion about this post