ഓര്‍മ്മകള്‍ സൂക്ഷിച്ചിരിക്കുന്ന ഇടം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ തലച്ചോര്‍ എന്നാണ് ചിന്തിക്കുക. ഓര്‍മ്മകളെല്ലാം സൂക്ഷിച്ചിരിക്കുന്നത് തലച്ചോറില്‍ മാത്രമാണെന്നായിരുന്നു ഇത്രയും കാലം ചിന്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റമുണ്ടായിരിക്കുകയാണ്. വൃക്കയിലും ത്വക്കിലുമുള്ള കോശങ്ങള്‍ക്ക് വരെ ഓര്‍മകളെ സംഭരിക്കാനും വീണ്ടെടുക്കാനുമുള്ള കഴിവുണ്ടെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.
ന്യൂയോര്‍ക്ക് സര്‍വകലാശാല ഗവേഷകന്‍ നിക്കോളായ് വി കുകുഷ്‌കിന്റെ നേതൃത്വത്തില്‍ പഠനം നടത്തിയത്. സ്‌പേയിസ്ഡ് റെപ്പറ്റീഷന്‍ എന്ന ഒരു പഠന രീതിയാണ് ഗവേഷണത്തിനായി സംഘം ഉപയോഗിച്ചത്.
ഇതിനായി നാഡീകലകളില്‍ നിന്നും വൃക്കയില്‍ നിന്നും കോശങ്ങളെ ശേഖരിച്ചു. മസ്തിഷ്‌ക പ്രവര്‍ത്തന സമയത്ത് ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ എങ്ങനെ പുറത്തുവിടുന്നു എന്നതിന് സമാനമായ കെമിക്കല്‍ സിഗ്‌നലുകളുടെ വിവിധ പാറ്റേണുകള്‍ക്ക് ഇവയെ വിധേയമാക്കി.
മസ്തിഷ്‌ക കോശങ്ങള്‍ക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന ഇവ സിഗ്‌നലുകള്‍ തുടര്‍ച്ചയായി പ്രവഹിക്കുമ്പോള്‍ പ്രവര്‍ത്തനം ശക്തമാകുന്നതായും കണ്ടെത്തി. ഇത് മസ്തിഷ്‌ക കോശങ്ങള്‍ക്ക് സമാനമായ രീതിയില്‍ സ്‌പേസ്ഡ് സിഗ്‌നലുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഈ കോശങ്ങളില്‍ നിലനിര്‍ത്താനുള്ള കഴിവുണ്ടെന്നാണ് അര്‍ഥമാക്കുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും ഓര്‍മകള്‍ നിലനിര്‍ത്താനുള്ള കഴിവ് ആന്തരികമായി തന്നെ ഉണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
പാന്‍ക്രിയാസ് പോലുള്ള മറ്റ് അവയവങ്ങളിലെ കോശങ്ങള്‍ക്ക് മുമ്പത്തെ ഗ്ലൂക്കോസ് ലെവല്‍ പാറ്റേണുകള്‍ ഓര്‍മിക്കാന്‍ കഴിയുമെങ്കില്‍ ശരീരത്തിന് രക്തത്തിലെ പഞ്ചസാരയെ നന്നായി നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കും. കാന്‍സര്‍ ആവര്‍ത്തനത്തെ ഈ രീതിയില്‍ തടയാന്‍ കഴിഞ്ഞേക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
Discussion about this post