തിരുവനന്തപുരം: വിഴിഞ്ഞത്ത് അദാനി ഒരുക്കുന്നത് തുറമുഖം മാത്രമല്ലെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റാവുന്ന വിഴിഞ്ഞം തുറമുഖം പദ്ധതി കൂടാതെ 20,000 കോടി രൂപയുടെ പദ്ധതികൾ കൂടെയാണ് അദാനി പ്രദേശത്ത് വിഭാവനം ചെയ്യുന്നത്. ഇതിൽ തദ്ദേശ വാസികൾക്ക് നിരവധി തൊഴിലുകൾ നൽകുന്ന സിമന്റ് മിക്സിങ് പ്ലാന്റ് മുതൽ, വിനോദ സഞ്ചാര കേന്ദ്രം വരെയുണ്ട്.
നാലുവർഷത്തിനുള്ളിൽ 20,000കോടി രൂപയാണ് വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി അദാനി മുടക്കാൻ ഉദ്ദേശിക്കുന്നത് . രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമ്മാണം 2028ഡിസംബറിൽ പൂർത്തിയാക്കാൻ 9600കോടിയാണ് ചെലവ്. ഇതിനുപുറമെയുള്ള അനുബന്ധ വ്യവസായങ്ങളിലാണ് മുതൽമുടക്കുന്നത്. തുറമുഖത്തിനടുത്ത് സിമന്റ് മിക്സിംഗ് പ്ലാന്റ്, കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് യൂണിറ്റ്, ക്രൂസ് ടെർമിനൽ എന്നിവയ്ക്കായാണ് നിക്ഷേപം. ഇതോടു കൂടി നിരവധി തൊഴിലവസരങ്ങളും, സർക്കാരിന് വലിയ നികുതി വരുമാനവുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിനോദസഞ്ചാരികളുമായി ക്രൂസ് കപ്പലുകളടുക്കാനുള്ള മൾട്ടിപർപ്പസ് ബർത്ത്. തുറമുഖത്തിന് സമീപത്തായി സിമന്റ് മിക്സിംഗ് പ്ലാന്റ്. അന്താരാഷ്ട്ര കപ്പൽച്ചാലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനായി ബങ്കറിംഗ് യൂണിറ്റ്. സീഫുഡ് പാർക്ക്, ഫിഷിംഗ് ഹാർബർ എന്നിങ്ങനെ പദ്ധതികളും അദാനിഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സമീപകാലത്തായി നിരവധി സിമന്റ് കമ്പനികളാണ് അദാനി ഏറ്റെടുത്തിട്ടുള്ളത്. ഇവയെല്ലാം ചേർത്ത് അദാനിയുടെ സിമന്റ് കമ്പനിവരും. വിഴിഞ്ഞം സിമന്റ് ഹബായി മാറും.കൊച്ചി തുറമുഖത്തും അദാനിക്ക് സിമന്റ് ടെർമിനലുണ്ട്. അവിടത്തെ പ്രധാന കാർഗോയും സിമന്റാണ്.
Discussion about this post