കണ്ണൂർ: അനവസരത്തിൽ പുറത്ത് വന്ന ആത്മകഥ ഉണ്ടാക്കിയ വിവാദങ്ങളിൽ നിന്നും തലയൂരാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ് ഇ പി ജയരാജൻ. പാർട്ടിക്കെതിരെ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് നടത്തിയെന്ന് കരുതപ്പെടുന്ന പരാമർശങ്ങൾ തിരഞ്ഞെടുപ്പിൽ ബാധിക്കാതിരിക്കാനാണ് ഇ പി ജയരാജനെ പാലക്കാട് സി പി ഐ എം നേതൃത്വം നിയോഗിച്ചിട്ടുള്ളത്.
എന്നാൽ ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജനെ പരസ്യമായി തുണക്കുമ്പോഴും ഉള്ളിൽ സിപിഎം നേതൃത്വം വിശ്വസിക്കുന്നില്ല എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. സംഘടനാ പ്രവർത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങൾ പുറത്തുവന്ന ആത്മകഥയിൽ അക്കമിട്ട് പറയുന്നതും സ്വകാര്യ ശേഖരത്തിലെ ഫോട്ടോകൾ അടക്കം ഉള്ളതുമാണ് നേതൃത്വത്തിന്റെ അവിശ്വാസത്തിന്റെ കാരണം.
പാർട്ടി കോൺഗ്രസ് കഴിഞ്ഞ് തിരികെ വരുന്ന വഴി വെടിയേറ്റതിൻ്റെ ഓർമ്മകളും ആ സമയത്ത് ചികിത്സിച്ച ഡോക്ടറുടെ പേരും വരെ പുറത്തു വന്നിട്ടുണ്ട്. ഇത് കൂടാതെ ഇ പി ജയരാജന്റെ വ്യക്തിപരമായ ചിത്രങ്ങളും ഫയലിൽ കാണാൻ കഴിയും. സിപിഎമ്മിന്റെ വിവിധ നേതാക്കന്മാരുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അടക്കം ഇതിന്റെ ഭാഗമായിട്ടുണ്ട്.
വ്യക്തിപരമായ കാര്യങ്ങളും ഫോട്ടോകളും എല്ലാം ഇ പി ജയരാജൻ അറിയാതെ എങ്ങനെ അച്ചടിച്ചു വരും? ഡിസിയെ പോലുള്ള പ്രസാധകർ എല്ലാം കൃത്രിമമായി ഉണ്ടാക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത് . പാലക്കാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഈ കാര്യങ്ങളൊക്കെ സിപിഎം ഗൗരവമായി ചർച്ച ചെയ്യുമെന്നാണ് സൂചന.
Discussion about this post