പത്തനംതിട്ട: വീട്ടുകാരെയും നാട്ടുകാരെയും മരിച്ചെന്ന് വിശ്വസിപ്പിച്ച് ഒളിവ് ജീവിതം നയിക്കുകയായിരുന്ന മോഷ്ടാവ് അറസ്റ്റിൽ.
ലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനാണ് (52) അറസ്റ്റിലായത്. ശബരിമല സീസണിലെ സ്ഥിരം മോഷ്ടാവാണ് ചന്ദ്രൻ. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാറന്റുകളിലെ പ്രതികളെ പിടികൂടാനായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.
ഇയാൾക്കെതിരെ ജില്ലയിൽ നാല് മോഷണ കേസുകൾ നിലവിലുണ്ട്. ഇതിൽ ഒരു കേസിലെ ജാമ്യക്കാരൻ ആയ മോഹനൻ നായരെ പോലീസ് കണ്ടെത്തിയതോടെയാണ് ചന്ദ്രന്റെ ഒളിവ് ജീവിതം പുറത്തായത്. ചന്ദ്രൻ തൂങ്ങിമരിച്ചെന്നാണ് ഇയാൾ പോലീസിനോടും കോടതിയോടും പറഞ്ഞിരുന്നത്. ഇത് കോടതിയും പോലീസും വിശ്വസിക്കുകയായിരുന്നു.
എന്നാൽ ചന്ദ്രൻ എന്ന് പേരുള്ള തമിഴ്‌നാട്ടുകാരൻ ശബരിമലയിലെ ഹോട്ടലിൽ പണിയെടുക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തി നടത്തിയ അന്വേഷണത്തിൽ ചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാട് ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാൾ തൂങ്ങിമരിച്ചുവെന്ന് എല്ലാവരെയും വിശ്വസിപ്പിച്ച ശേഷം ശബരിമലയിലെത്തി മോഷണം തുടരുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസിനെ ആക്രമിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അതി സാഹസികമായി പിടികൂടുകയായിരുന്നു.
Discussion about this post