പുതിയ തലമുറ തൊഴില്‍ രംഗത്തെ ചൂഷണത്തിനെതിരെ പ്രതികരിക്കാന്‍ മടികാണിക്കാത്തവരാണ്. ഇതു സംബന്ധിച്ച് പലതരം സംഭവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ അടുത്ത ദിവസം ഓഫീസിലെത്താന്‍ വൈകുമെന്ന് അറിയിച്ചുകൊണ്ട് യുവാവ് അയച്ച സന്ദേശമാണ് ശ്രദ്ധ നേടുന്നത്. തൊഴില്‍ രംഗത്തെ ചൂഷണങ്ങള്‍ക്കൊപ്പം തന്നെ കൃത്യനിഷ്ഠ പാലിക്കേണ്ടതിനെപ്പറ്റിയും ചിലര്‍ പറയുന്നുണ്ട്. അഭിഭാഷികയായ അയുഷി ഡോഷിയാണ് എക്‌സിലൂടെ ഇത്തരത്തിലുള്ള പോസ്റ്റ് പങ്കുവെച്ചത്. ജോലി കഴിഞ്ഞ് വൈകി ഓഫീസില്‍ നിന്ന് ഇറങ്ങിയതിനാല്‍ രാവിലെ താമസിച്ചാകും ഓഫീസിലെത്തുക എന്നാണ് ഇവര്‍ പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടിലെ സന്ദേശം.
എന്റെ ജൂനിയറാണ് എനിക്കിത് അയച്ചതെന്ന് വിശ്വസിക്കാനാകുന്നില്ല. ഓഫീസില്‍ നിന്നിറങ്ങാന്‍ വൈകിയതിനാല്‍ രാവിലെ ഓഫീസിലെത്താന്‍ വൈകുമത്രെ. ഇന്നത്തെ കുട്ടികള്‍ മറ്റെന്തോ ആണെന്നുമുള്ള അടിക്കുറിപ്പോടെ പങ്കുവെച്ച കുറിപ്പിന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. യുവാവിനെ അനുകൂലിച്ചും വിമര്‍ശിച്ചും പലരും രംഗത്തുവന്നു.
രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെയാണ് യുവാവിന്റെ ജോലി സമയമെന്ന് വിശദീകരിച്ച് ആയുഷിതന്നെ രംഗത്തെത്തി. ‘ഒരു ദിവസംകൊണ്ട് പൂര്‍ത്തിയാക്കേണ്ട ജോലി ചെയ്യാന്‍ മൂന്ന് തവണ സമയം നീട്ടിനല്‍കി. എന്നാല്‍ യുവാവ് ജോലി സമയത്ത് ഫോണില്‍ നോക്കിയിരുന്ന് സമയം കളഞ്ഞു. പിന്നീട് ജോലി ചെയ്തുതീര്‍ക്കാന്‍ ഓഫീസ് സമയം കഴിഞ്ഞ് ഒന്നര മണിക്കൂര്‍ കൂടി ഇരിക്കേണ്ടിവന്നു. ജോലികള്‍ തീര്‍ക്കാനുണ്ടെങ്കില്‍ ചിലപ്പോള്‍ അധികനേരം ഓഫീസില്‍ ഇരിക്കേണ്ടിവരും – വിശദീകരണവുമായി അഭിഭാഷക വീണ്ടും പോസ്റ്റിട്ടു. ഇതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
Discussion about this post