കരടിവേഷത്തിലെത്തി സ്വന്തം ആഡംബര കാറുകള്‍ തന്നെ നശിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍. യു.എസിലെ കാലിഫോര്‍ണിയയിലാണ് സംഭവം. കാറിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു യുവാക്കളുടെ വേഷംമാറിയെത്തിയുള്ള ഈ ആക്രമണം.
ആഡംബര വാഹനമായ റോള്‍സ് റോയ്സ് ഗോസ്റ്റ് കാറുകള്‍ക്കാണ് യുവാക്കള്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഈ നാശനഷ്ടം വരുത്തിയത്. കരടിയുടെ വേഷം കെട്ടിയെത്തിയ ഇവര്‍ ഡോറുകള്‍ തകര്‍ക്കുകയും സീറ്റുകള്‍ വലിച്ചുകീറുകയും ചെയ്തു.
സംഭവത്തിന് ശേഷം കരടി കാര്‍ നശിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ നീക്കത്തില്‍ സംശയം തോന്നിയ കമ്പനി ഇന്‍ഷുറന്‍സ് തട്ടിപ്പ് അന്വേഷിക്കുന്ന കുറ്റാന്വേഷകരെ വിവരമറിയിക്കുകയായിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കള്ളത്തരം വെളിച്ചത്തുവന്നത്.
‘വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് യഥാര്‍ത്ഥ കരടി അല്ലെന്നും. വേഷം കെട്ടിയ ആളാണെന്നും തെളിഞ്ഞത്’, കാലിഫോര്‍ണിയ ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുവാക്കളുടെ വീട്ടില്‍ നിന്ന് കരടി വേഷം കണ്ടെത്തിയിട്ടുണ്ട്. 140,000 ഡോളറിലധികം വരുന്ന ഇന്‍ഷുറന്‍സ് തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് റൂബന്‍ തമ്രാസിയാന്‍ (26), അരാരത്ത് ചിര്‍ക്കിനിയന്‍ (39), വാഹേ മുറാദ്ഖന്യന്‍ (32), അല്‍ഫിയ സുക്കര്‍മാന്‍ (39) എന്നിവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post