ന്യൂഡൽഹി : വിഷപുകയിൽ മുങ്ങി ഡൽഹി. വായുവിന്റെ ഗുണനിലവാരം ഗുരുതരമായ വിഭാഗത്തിലേക്ക് പോവുകയാണ്. വായു ഗുണനിലവാര സൂചിക (എക്യുഐ) വ്യാഴാഴ്ച രാവിലെ 6 മണിക്ക് 432 ആയി ഉയർന്നു. ഈ സീസണിലെ ഡൽഹിയിലെ ഏറ്റവും മോശം വായുവിന്റെ ഗുണനിലവാരവും രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കുമാണ് ഇത്. ഈ സാഹചര്യത്തെ തുടർന്ന് അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി.
മലിനീകരണ തോത് വർദ്ധിക്കുന്നതിനാൽ, കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നതുവരെ ഡൽഹിയിലെ എല്ലാ പ്രൈമറി സ്‌കൂളുകളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറുമെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി പറഞ്ഞു. ഇതനുസരിച്ച് പ്രൈമറി ക്ലാസുകൾ അടച്ചിടാൻ വ്യാഴാഴ്ച വൈകിട്ട് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിറക്കുകയും ചെയ്തു.
ഡൽഹി-എൻസിആറിലെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) മൂന്നാം ഘട്ട പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് പ്രൈമറി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റാൻ തീരുമാനിച്ചത്. നിർമ്മാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്കുള്ള നിരോധനം, ചില വാഹനങ്ങൾ ഡൽഹിയിലേക്ക് പ്രവേശിക്കുന്നതിനുള്ള പരിമിതികൾ എന്നിവ ഈ നടപടികളിൽ ഉൾപ്പെടുന്നു.
അതേസമയം, ഡൽഹി മെട്രോ പ്രവൃത്തി ദിവസങ്ങളിൽ 20 അധിക യാത്രകൾ പ്രഖ്യാപിച്ചു. GRAP-II നടപ്പിലാക്കിയതിനുശേഷം ഇതിനകം പ്രവർത്തിക്കുന്ന 40 അധിക യാത്രകൾക്ക് പുറമേയാണിത്. മെട്രോ ഇപ്പോൾ പ്രവർത്തി ദിനങ്ങളിൽ 60 അധിക ട്രിപ്പുകൾ നടത്തുന്നുണ്ട്. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനും തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് ഡൽഹി മെട്രോ ഇപ്പോൾ പ്രവൃത്തി ദിവസങ്ങളിൽ മൊത്തം 60 അധിക ട്രിപ്പുകൾ നടത്തുന്നത്. GRAP-III മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ഈ അധിക സേവനങ്ങൾ പ്രാബല്യത്തിൽ തന്നെ തുടരും.
Discussion about this post