ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് രാജ്യമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുകളുമായി അധികൃതര്‍ രംഗത്തെത്തിയിരുന്നു. നിരവധി ബോധവല്‍ക്കരണങ്ങള്‍ നടത്തിയിട്ടും വീണ്ടും പലരും ഇതിന് ഇരകളാകുകയാണ്. ഇപ്പോഴിതാ റിട്ട.എന്‍ജീനിയറായ 70 വയസ്സുകാരന് തന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുകയാണ്.
മാരകമയക്കുമരുന്ന് അടങ്ങിയ പാഴ്സല്‍ എന്‍നീയറുടെ പേരില്‍ അയക്കാന്‍ രജിസ്റ്റര്‍ ചെയ്തത് പിടികൂടിയെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തായ്വാനില്‍ നിന്നെത്തിയ മയക്കുമരുന്നാണ് കണ്ടെത്തിയതായി തട്ടിപ്പുകാര്‍ അറിയിച്ചത്. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം നടന്നത്. 10 കോടി രൂപയാണ് എന്‍ജിനീയര്‍ക്ക് നഷ്ടമായത്. തട്ടിപ്പുകാര്‍ എന്‍ജിനീയറെ നിര്‍ബന്ധിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യിപ്പിക്കുകയായിരുന്നു.
തട്ടിപ്പുകാര്‍ അദ്ദേഹത്തോട് ഫോണോ ലാപ്‌ടോപ്പ് ക്യാമറയോ ഓണാക്കാനും ഏകദേശം എട്ട് മണിക്കൂറോളം വീഡിയോയില്‍ തുടരാനും നിര്‍ദ്ദേശിച്ചു. ക്യാമറ മാറുകയോ ഓഫ് ചെയ്യുകയോ ചെയ്താല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും കുടുംബം മുഴുവന്‍ ഇതില്‍ ഉള്‍പ്പെടുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
മുംബൈ പോലീസ് ഓഫീസറായി അഭിനയിക്കുന്ന മറ്റൊരു വ്യക്തി സ്‌ക്രീനില്‍ വന്നു. അറസ്റ്റ് ഒഴിവാക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞാണ് ഈ വ്യാജ ഉദ്യോഗസ്ഥന്‍ എന്‍ജിനീയറുടെ വിശ്വാസം നേടിയത്. പിന്നീട് എന്‍ജിനീയറുടെ സമ്പാദ്യം സംരക്ഷിക്കാന്‍ പണം ‘സുരക്ഷിത’ അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് ആവശ്യമാണെന്ന് അയാളെ അറിയിക്കുകയും ചെയ്തു.
ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ന്നതിന് ശേഷമാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി എന്‍ജിനീയര്‍ക്ക് മനസ്സിലായത്. ഉടന്‍ തന്നെ അയാള്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.
Discussion about this post